---
title: "ചേനായി തീവെപ്പു കേസ്സിലെ പ്രതികള്‍ പിടിയില്‍"
english_title: "Accused in Chennai arson case arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184496/accused-in-chennai-arson-case-arrested"
published_at: "2024-02-14T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccaa73c6088_1_prethi.jpg"
keywords: []
---

# ചേനായി തീവെപ്പു കേസ്സിലെ പ്രതികള്‍ പിടിയില്‍

> **Lead Summary:** ** പേരാമ്പ്ര: **ഒളിവില്‍ കഴിയുകയായിരുന്ന ചേനായി തീവെപ്പു കേസിലെ പ്രതികള്‍ പേരാമ്പ്ര പൊലീസിന്റെ പിടിയിലായി.

## Article Content

** പേരാമ്പ്ര: **ഒളിവില്‍ കഴിയുകയായിരുന്ന ചേനായി തീവെപ്പു കേസിലെ പ്രതികള്‍ പേരാമ്പ്ര പൊലീസിന്റെ പിടിയിലായി.

പേരാമ്പ്രയില്‍ നിന്നും ചേനായിയിലേക്ക് ഓട്ടം പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെ ട്രിപ്പ് ചോദ്യം ചെയ്ത പിജിപി ഓട്ടോ കത്തിക്കുകയും കേടുപാടു വരുത്തുകയും നാട്ടില്‍ കലാപമുണ്ടാക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു പ്രതികള്‍.

സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍ ഐപിഎസ് തന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന്റെ കീഴില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

അന്വേഷണ സംഘത്തില്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷ്, പ്രൊബേഷണറി സബ് ഇന്‍സ്‌പെക്ടര്‍ ബിജു, വി.സബ് ഇന്‍സ്‌പെക്ടര്‍ പി പ്രദീപന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിയാസ്, അരുണ്‍ ഘോഷ്, ഡാന്‍സാഫ് സ്‌ക്വാഡിലെ ഇ.കെ മുനീര്‍, ടി വിനീഷ്, എന്‍.എം ഷാഫി, സിഞ്ചുദാസ്, ജയേഷ് എന്നിവരും ഉണ്ടായിരുന്നു.

ആദ്യഘട്ട ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഹാജരാവുന്നതിന്നായി നോട്ടീസ് നല്‍കിയ പ്രതികള്‍ പിന്നീട് ഒളിവില്‍ പോകുകയായിരുന്നു.

പ്രതികളായ 1) എടവരാട് കാലംകോട്ട് രാഘവന്‍, 2) എടവരാട് കൊയിലോത്ത് ഷിബിന്‍ ലാല്‍ എന്ന കുട്ടന്‍ എന്നിവരെ വയനാട് വഴി മൈസൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കവെ രഹസ്യമായി പിന്തുടര്‍ന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ അര്‍ധരാത്രിയോടെ പിടികൂടുകയായിരുന്നു.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പരിശോധിച്ചു വരികയാണെന്നും പേരാമ്പ്ര ഡിവൈഎസ്പി  അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184496/accused-in-chennai-arson-case-arrested)