---
title: "ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി അഞ്ചാം ഘട്ട സഹായ വിതരണം ഫെബ്രുരി 15 ന് "
english_title: "Relief Family Safety Scheme Fifth Phase Assistance Distribution on 15th January"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184505/relief-family-safety-scheme-fifth-phase-assistance-distribution-on-15th-january"
published_at: "2024-02-14T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccb0aa8091d_1_vyapari.jpg"
keywords: []
---

# ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി അഞ്ചാം ഘട്ട സഹായ വിതരണം ഫെബ്രുരി 15 ന് 

> **Lead Summary:** **പേരാമ്പ്ര :** വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി അഞ്ചാം ഘട്ട സഹായ വിതരണ പരിപാടി ഫെബ്രുവരി 15 ന് പേരാമ്പ്ര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി അഞ്ചാം ഘട്ട സഹായ വിതരണ പരിപാടി ഫെബ്രുവരി 15 ന് പേരാമ്പ്ര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജീവിത കാലയളവില്‍ മാത്രമല്ല മരണാനന്തരവും സംഘടനയില്‍ അംഗമായ ഓരോ വ്യാപാരിയിലും വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന മഹാ പ്രസ്ഥാനത്തിന്റെ കരുതലും സ്‌നേഹവും ഉണ്ടാവുമെന്നതിന്റെ സാക്ഷ്യപ്പെടുത്തല്‍ ആണ് 'ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി'. പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള കുറഞ്ഞ കാലയളവില്‍ നമ്മെ വിട്ടുപിരിഞ്ഞുപോയ 20 പേരുടെ കുടുംബത്തിന് നാല് ഘട്ടങ്ങളിലായി രണ്ടുകോ ടി രൂപ സഹായധനമായി നല്‍കിക്കഴിഞ്ഞു.

5 പേരുടെ കുടുംബത്തിനായി അര കോടി നല്‍കുന്ന ചടങ്ങാണ് 15-2-2024 വ്യാഴാഴ്ച പേരാമ്പ്രയില്‍ നടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഉദ്ഘാടനം കെ. മുരളീധരന്‍ എം.പി, മുഖ്യാതിഥി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ , സാന്നിധ്യം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് 'ആശ്വാസ്-രണ്ടരക്കോടിയിലേക്ക്' എന്ന പരിപാടി.

സഹജീവികളോടുള്ള സ്‌നേഹവും സ്വന്തം കുടുംബത്തോടുള്ള ഉത്തരവാദിത്തവും കൈമുതലായുള്ള ജില്ലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ മികച്ച സഹകരണമാണ് മറ്റൊരു പ്രസ്ഥാനത്തിനും സാധിക്കാത്ത, സമാനതകളില്ലാത്ത ഈ സുരക്ഷാ പദ്ധതിയുടെ വിജയത്തിന് ആധാരം.

ഈ മഹത്തായ സംവിധാനം കല്‍പ്പാന്തകാലത്തോളം നിലനില്‍ക്കുന്നതിനാവശ്യമായ സഹായസഹകരണങ്ങള്‍ എല്ലാ സംഘടനാ അംഗങ്ങളില്‍ നിന്നും ഉണ്ടാവണമെന്നും നമ്മോട് യാത്ര പറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ കുടുംബം അവരുടെ അവകാശമായ തുക കൈപ്പറ്റുന്ന സന്തോഷ വേളയില്‍ 15-2-2024 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പേരാമ്പ്ര ടൗണ്‍ ഹാളില്‍ ' മുഴുവന്‍ വ്യാപാരി സുഹൃത്തുക്കളുടെയും സാന്നിധ്യം ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ യൂണിറ്റ് സെക്രട്ടറി ഒ.പി. മുഹമ്മദ്, ഷറീഫ് ചീക്കിലോട്ട്, ജയകൃഷ്ണന്‍ നോവ, സുനില്‍കുമാര്‍ ഗ്ലോബല്‍, ജലജ ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184505/relief-family-safety-scheme-fifth-phase-assistance-distribution-on-15th-january)