---
title: "പേരാമ്പ്ര ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്; കര്‍ശന നടപടി എടുക്കുമെന്ന് ജോയിന്റ്  ആര്‍ടിഒ"
english_title: "Perambra tipper lorry hits woman, injured; Joint RTO will take strict action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184843/perambra-tipper-lorry-hits-woman-injured-joint-rto-will-take-strict-action"
published_at: "2024-02-15T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce53c54d3b2_1_rto.jpg"
keywords: []
---

# പേരാമ്പ്ര ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്; കര്‍ശന നടപടി എടുക്കുമെന്ന് ജോയിന്റ്  ആര്‍ടിഒ

> **Lead Summary:**  പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തില്‍ സീബ്രാ ലൈനില്‍ യുവതിയെ അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ പി. രാജേഷ് അറിയിച്ചു.

## Article Content

 പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തില്‍ സീബ്രാ ലൈനില്‍ യുവതിയെ അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ പി. രാജേഷ് അറിയിച്ചു.

അശ്രദ്ധമായും അമിത വേഗതയിലും വാഹനമോടിച്ച് സീബ്രാ ലൈനില്‍ അപകടമുണ്ടാക്കിയ കെ എല്‍ 24 ബി 7820 ടിപ്പറിന്റെ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി കെ.എസ് മിഥുന്‍ (22) ന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇന്ന് കാലത്ത് 11.17 ഓടെ പേരാമ്പ്ര ട്രാഫിക് സ്റ്റേഷന് സമീപം ദിയാ ഗോള്‍ഡിന് മുന്‍വശത്തെ സീബ്രാ ലൈനിലാണ് അപകടം നടന്നത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് യുവതിയെ അതിവേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിച്ചത്.

പന്തിരിക്കര സ്വദേശിനി മുണ്ടക്കുറ്റിയില്‍ നിഷാദ (37) ക്കാണ് പരുക്കേറ്റത്. ബസ് സ്റ്റാന്റ് ഭാഗത്ത് നിന്ന് വേഗതയില്‍ വരുകയായിരുന്ന ടിപ്പര്‍ സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടയില്‍ എതിരെ വന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്ത ശേഷമാണ് യുവതിയെ ഇടിക്കുന്നത്.

സാരമായി പരുക്കേറ്റ യുവതിയെ ഉടന്‍ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും മാറ്റി.

വാഹനമിടിച്ച് പരുക്കേറ്റ യുവതിയുടെ കൂടെ ഉണ്ടായിരുന്ന മകള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184843/perambra-tipper-lorry-hits-woman-injured-joint-rto-will-take-strict-action)