---
title: "നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹം: യൂത്ത് ലീഗ് "
english_title: "The position of Nochad Higher Secondary School authorities is objectionable: Youth League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186696/the-position-of-nochad-higher-secondary-school-authorities-is-objectionable-youth-league"
published_at: "2024-02-23T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d83dd61c2e0_1_leeg.JPG"
keywords: []
---

# നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹം: യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് യൂത്ത് ലീഗ്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് യൂത്ത് ലീഗ്.

കഴിഞ്ഞ ദിവസം നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പ്രിന്‍സിപ്പളിനെ കണ്ട യുവജന വിദ്യാര്‍ത്ഥി സംഘടന നേതാക്കളോട് അപമര്യാദയായി സംസാരിക്കുകയും അവരെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്ത പ്രിന്‍സിപ്പലിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് കമ്മിറ്റി വിലയിരുത്തി.

ഇദ്ദേഹം സ്‌കൂളില്‍ ചാര്‍ജ് എടുത്തതിന് ശേഷമാണ് സ്‌കൂളില്‍ പ്രശ്‌നങ്ങളെല്ലാം സങ്കീര്‍ണ്ണമായി തീര്‍ന്നതെന്നും പ്രശ്‌നങ്ങളെല്ലാം മുന്‍വിധിയോടും മുന്‍കോപതോടെയും സമീപിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്നും സ്‌കൂളില്‍ നടക്കേണ്ട പിടിഎ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും അദ്ദേഹം മുന്‍കൈ എടുത്തു എന്നതും പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ പറഞ്ഞു.

മഹാന്മാരായ നേതാക്കള്‍ പടുത്തുയര്‍ത്തിയ സ്‌കൂള്‍ തകര്‍ക്കുന്നതിന് വേണ്ടി ചില തല്‍പരകക്ഷികളെ കൂട്ടുപിടിച്ച് കൊണ്ടുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത് എന്നും യോഗം അഭിപ്രായപ്പെട്ടു.

അദ്ദേഹം ഇനിയും ഈ നിലപാട് തുടരുകയാണെങ്കില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്തുന്നതിനും കമ്മിറ്റി രൂപം നല്‍കുമെന്നും അവര്‍ പറഞ്ഞു.

പുറത്തുനിന്നും വന്ന അക്രമികള്‍ക്ക് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന് വേണ്ടി സ്‌കൂള്‍ ഗേറ്റ് അകത്തുനിന്നും പൂട്ടിയും അക്രമികളില്‍ നിന്നും രക്ഷിക്കാതെ നോക്കിനിന്ന അധ്യാപകര്‍ക്ക് എതിരെയും നടപടി സ്വീകരിക്കണം എന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് വി.എന്‍ നൗഫല്‍ അധ്യക്ഷത വഹിച്ചു. ടി.പി. അഷ്‌റഫ്, അന്‍വര്‍ ഷാ നൊച്ചാട്, ലു ബൈബ് വെള്ളിയൂര്‍, സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗഫൂര്‍ മണിയോത്ത് സ്വാഗതവും മജീദ് ചേനോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186696/the-position-of-nochad-higher-secondary-school-authorities-is-objectionable-youth-league)