---
title: "വിഷരഹിത വിഷു പച്ചക്കറി ചന്തക്കായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു "
english_title: "Perambra Grama Panchayat is preparing for a non-toxic Vishu vegetable market"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18837/perambra-grama-panchayat-is-preparing-for-a-non-toxic-vishu-vegetable-market"
published_at: "2022-01-02T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d1b8d976c5f_WATER MARK.JPG"
keywords: []
---

# വിഷരഹിത വിഷു പച്ചക്കറി ചന്തക്കായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു 

> **Lead Summary:** ** പേരാമ്പ്ര: **പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി പത്ത് ഏക്കര്‍ ഭൂമിയിലാണ് വിഷരഹിത വിഷു പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. വിഷരഹിതവും ഗുണമേന്‍മയുള്ളതുമായ പച്ചക്കറികള്‍ മിതമായ വിലയില്‍ തദ്ദേശീയമായി ഒരുക്കുകയാണ് ലക്ഷ്യം.

## Article Content

** പേരാമ്പ്ര: **പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി പത്ത് ഏക്കര്‍ ഭൂമിയിലാണ് വിഷരഹിത വിഷു പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. വിഷരഹിതവും ഗുണമേന്‍മയുള്ളതുമായ പച്ചക്കറികള്‍ മിതമായ വിലയില്‍ തദ്ദേശീയമായി ഒരുക്കുകയാണ് ലക്ഷ്യം.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍, തൊഴിലുറപ്പ് പദ്ധതി , കുടുംബശ്രീ എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്തുതലത്തില്‍ സുരക്ഷിത പച്ചക്കറിയുടെ ഉല്‍പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ജൈവ കാര്‍ഷിക പരിപാലനമുറകളിലൂടെ കൃഷിഭവന്റെ ശാസ്ത്രീയമായ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ വാര്‍ഡുകളിലും ഒന്നോ രണ്ടോ യൂണിറ്റുകളിലായി കൃഷി ചെയ്യുന്ന പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ പഞ്ചായത്ത് ഒരുക്കുന്ന വിഷു പച്ചക്കറിചന്തയിലൂടെ വില്‍ക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

വിഷ രഹിത പച്ചക്കറികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതിന് പുറമെ പ്രാദേശിക വിപണി ശക്തിപ്പെടുത്തുകയും പേരാമ്പ്രയുടെ നഷ്ട്ടപ്പെട്ട ഞായറാഴ്ച്ച ചന്ത പുനര്‍ജീവിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നില്‍ ഉണ്ട്.

കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരെയും തൊഴിലാളികളേയും ഉള്‍പ്പെടുത്തി സംഘമുണ്ടാക്കിയാണ് കൃഷി നടത്തുന്നത്. ഇവിടെ നിന്നുള്ള പച്ചക്കറി ഉല്‍പന്നങ്ങള്‍ വിഷുവിന് പേരാമ്പ്രയില്‍ സ്റ്റാള്‍ ഏര്‍പ്പെടുത്തി വിഷരഹിത ജൈവപച്ചക്കറി വിതരണം ചെയ്യുന്നതാണ് പദ്ധതി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'വിഷുക്കണി' പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാര്‍ഡില്‍ നടന്ന നടീല്‍ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജോന പി. അധ്യക്ഷയായി.

കൃഷി ഓഫീസര്‍ ഷെറിന്‍, വാര്‍ഡ് കണ്‍വീനര്‍ പി.കെ. പ്രദീപന്‍, വസന്ത, സൗദ, ഷീബ, സുരേഷ്, ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18837/perambra-grama-panchayat-is-preparing-for-a-non-toxic-vishu-vegetable-market)