---
title: "പേരാമ്പ്രയില്‍ നിന്ന് രണ്ടു പേരെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് "
english_title: "One of the accused arrested in the incident of kidnapping two people from Perambra; More info out"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190056/one-of-the-accused-arrested-in-the-incident-of-kidnapping-two-people-from-perambra-more-info-out"
published_at: "2024-03-07T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9fe31b9c4b_1_pp.jpg"
keywords: []
---

# പേരാമ്പ്രയില്‍ നിന്ന് രണ്ടു പേരെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയില്‍ നിന്ന് രണ്ടു പേരെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റ്യാടി പാലേരി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കിലോമീറ്ററുകള്‍ നീണ്ട ചേസിംഗിനൊടുവില്‍ മീനങ്ങാടി പൊലീസ് സാഹസികമായി പിടികൂടിയത്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയില്‍ നിന്ന് രണ്ടു പേരെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റ്യാടി പാലേരി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കിലോമീറ്ററുകള്‍ നീണ്ട ചേസിംഗിനൊടുവില്‍ മീനങ്ങാടി പൊലീസ് സാഹസികമായി പിടികൂടിയത്.

യുവാക്കളെ തട്ടിക്കൊണ്ടുപോയ ചുവന്ന സ്വിഫ്റ്റ് കാര്‍ ബുധനാഴ്ച രാവിലെ മീനങ്ങാടി സ്റ്റേഷനു മുന്നിലൂടെ കടന്നുപോയപ്പോള്‍ സംശയം തോന്നിയ പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസ് പിറകെയുണ്ടെന്ന് മനസ്സിലായതോടെ പ്രതികള്‍ അപ്പാട് ഭാഗത്ത് വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

കിഡ്‌നാപ്പിങ് ടീമിലെ പ്രധാനകണ്ണിയെ പിന്നാലെ പോയി തേടിപിടിക്കുകയായിരുന്നു പൊലീസ്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു തട്ടിക്കൊണ്ടുപോകല്‍. മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവരെയാണ് രണ്ട് വാഹനങ്ങളിള്‍ എത്തി പ്രതികള്‍ തട്ടികൊണ്ടുപോയത്.

വയനാട്ടിലേക്കാണ് ഇരുവരുമായും കിഡ്‌നാപ്പിങ് സംഘം എത്തിയത്. നിരവില്‍ പുഴയിലെത്തിയപ്പോള്‍ മെഹ്നാസ് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ടു. വാഹനം നിര്‍ത്തിയതോടെ, മെഹ്നാസ് ബഹളം വച്ചു. ആളുകള്‍ കൂട്ടം കൂടിയതോടെ, കിഡ്‌നാപ്പിങ് സംഘം മെഹ്നാസിനെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ സുരക്ഷിതനായി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

യാത്ര തുടരുന്നതിനിടെ മീനങ്ങാടി പഞ്ചമി കോളനി ഭാഗത്ത് വെച്ച് മുഹമ്മദ് അസ്ലം കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പിന്നാലെ മീനങ്ങാടി പൊലിസ് സ്റ്റേഷനിലെത്തി.

യുവാക്കളെ തട്ടികൊണ്ടു പോയ ചുവന്ന കളര്‍ സ്വിഫ്റ്റ് കാര്‍ ബുധനാഴ്ച രാവിലെ മീനങ്ങാടി സ്റ്റേഷനുമുമ്പിലുടെ കടന്നുപോയപ്പോഴാണ് പൊലീസ് പിന്തുടര്‍ന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളിലൊരാളെ മീനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ്.പി.ഒമാരായ ആര്‍. ഫിറോസ് ഖാന്‍, എം.എസ്. സുമേഷ്, സി.പി.ഒമാരായ കെ. അഫ്സല്‍, ഇ.ജെ. ഖാലിദ്, ശ്യാം കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് പേരാമ്പ്ര പൊലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190056/one-of-the-accused-arrested-in-the-incident-of-kidnapping-two-people-from-perambra-more-info-out)