---
title: "ജോലി ചെയ്യാത്ത സ്ത്രീയുടെ പേരില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയ സംഭവം: യുഡിഎഫ് നിയമനടപടികളിലേക്ക് "
english_title: "Fraudulent signature and money laundering in the name of an unemployed woman: UDF to legal action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19036/fraudulent-signature-and-money-laundering-in-the-name-of-an-unemployed-woman-udf-to-legal-action"
published_at: "2022-01-03T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d33380a9a43_WATER MARK.JPG"
keywords: []
---

# ജോലി ചെയ്യാത്ത സ്ത്രീയുടെ പേരില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയ സംഭവം: യുഡിഎഫ് നിയമനടപടികളിലേക്ക് 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാത്ത സ്ത്രീയുടെ പേരില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയ സംഭവത്തില്‍ യുഡിഎഫ് നിയമ നടപടികളിലേക്കെന്ന് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാത്ത സ്ത്രീയുടെ പേരില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയ സംഭവത്തില്‍ യുഡിഎഫ് നിയമ നടപടികളിലേക്കെന്ന് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കാത്ത സ്ത്രീയുടെ വ്യാജ ഒപ്പിട്ട് പണം തട്ടുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചു.

പ്രദേശത്തുകാരിയായ സ്ത്രീയുടെ അക്കൗണ്ടിലേക്ക് വന്ന തുക മാറി അയച്ചതായി ഇവരെ തെറ്റിദ്ധരിപ്പിച്ച് തുക കൈക്കലാക്കുകയായിരുന്നെന്നും, സിഡിഎസ് അംഗവും സിപിഐ(എം) ലോക്കല്‍ കമ്മിറ്റി അംഗവും വിജിലന്‍സ് ആന്റ് മോണിറ്ററി കമ്മിറ്റി അംഗവുമായ വ്യക്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇവര്‍ ആരോപിച്ചു.

മുന്‍ കാലങ്ങളില്‍ മേറ്റായ ഈ വ്യക്തി നടത്തിയ തട്ടിപ്പില്‍ നിലവിലെ മേറ്റ് കരുവാകുകയായിരുന്നെന്നും അംഗങ്ങള്‍ പറഞ്ഞു. തെളിവുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി ലഭിച്ച സാഹചര്യത്തില്‍ 417, 420 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ ഗ്രാമ പഞ്ചായത്ത് ശുപാര്‍ശ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

തൊഴിലുറപ്പിന്റെ പേരില്‍ പഞ്ചായത്തില്‍ പകല്‍ കൊള്ള നടക്കുകയാണെന്നും പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഇത്തരം പകല്‍ കൊള്ള നടക്കുന്നതായും അംഗങ്ങള്‍ ആരോപിച്ചു.

മുന്‍ മാറ്റ് നടത്തിയ അഴിമതിയുടെ പശ്ചാത്തലത്തില്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടന്ന തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ ഓഡിറ്റ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാന് പരാതി നല്‍കുമെന്നും അംഗങ്ങള്‍ അറിയിച്ചു.

പാര്‍ട്ടി അംഗം നടത്തിയ അഴിമതിയില്‍ സിപിഐ(എം)നിലപാട് വ്യക്തമാക്കണം. ദുര്‍നടത്തും അഴിമതിയും വ്യാപകമായിരിക്കുകയാണെന്നും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന രീതി ഇനി അനുവദിക്കില്ലെന്നും അംഗങ്ങള്‍ പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ റസ്മിന തങ്കേക്കണ്ടി, പി.കെ രാഗേഷ്, യു.സി. അനീഫ, സല്‍മ നന്മനക്കണ്ടി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19036/fraudulent-signature-and-money-laundering-in-the-name-of-an-unemployed-woman-udf-to-legal-action)