---
title: "തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍"
english_title: "The locals said that the death of Anu, who was found dead in the stream, is a mystery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191203/the-locals-said-that-the-death-of-anu-who-was-found-dead-in-the-stream-is-a-mystery"
published_at: "2024-03-12T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f06c90c5b0a_1_anu2.jpg"
keywords: []
---

# തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

> **Lead Summary:** ** പേരാമ്പ്ര: **തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. തോട്ടില്‍ മുട്ടറ്റം വെള്ളമേയുള്ളൂവെന്നും അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാര്‍ ഇന്നലെ തിരച്ചില്‍ നടത്തിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്നതും നാട്ടുകാരുടെ സംശയം വര്‍ധിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. തോട്ടില്‍ മുട്ടറ്റം വെള്ളമേയുള്ളൂവെന്നും അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാര്‍ ഇന്നലെ തിരച്ചില്‍ നടത്തിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്നതും നാട്ടുകാരുടെ സംശയം വര്‍ധിപ്പിച്ചു.

അതിനിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാളൂര്‍ സ്വദേശിയായ അനുവിന് 26 വയസാണ് പ്രായം. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം. മൂന്ന് മാസമായി ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് അവശനാണ്.

ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനിടയില്‍ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തിയത്. ഇന്നലെ രാവിലെ ഭര്‍ത്താവിനെ ആശുപത്രിയില്‍ കാണിക്കേണ്ടതിനാലാണ് വീട്ടില്‍ നിന്ന് യുവതി പോയത്.

എന്നാല്‍ അനു ഭര്‍തൃവീട്ടിലെത്തിയില്ല. ഫോണില്‍ വിളിച്ചിട്ട് ബന്ധുക്കള്‍ക്ക് അനുവിനെ കിട്ടിയില്ല. ഇരു വീടുകളിലും യാതൊരു പ്രശ്‌നവും ഇല്ലെന്നും അനു സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അനുവിന് എന്തോ അപായം സംഭവിച്ചുവെന്ന് ഭയന്ന വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചു. ഇന്നലെ തന്നെ പൊലീസില്‍ പരാതിയും നല്‍കി.

ഇന്നലെ നാട്ടുകാര്‍ പ്രദേശമാകെ പരിശോധിച്ചു. ഇന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം ഇന്നലെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നുവെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെയാണ് ഇവിടെ പുല്ലരിയാന്‍ വന്ന നാട്ടുകാരന്‍ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്.

കമിഴ്ന്ന് കിടക്കുന്ന നിലയിലായതിനാല്‍ വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം തോട്ടില്‍ നിന്ന് പുറത്തെടുത്തപ്പോഴാണ് മരിച്ചത് അനുവാണെന്ന് മനസിലായത്. തോട്ടിന്‍ കരയില്‍ നിന്ന് ചെരുപ്പും മൊബൈല്‍ ഫോണും തിരച്ചിലില്‍ കണ്ടെത്തി.

മൃതദേഹത്തില്‍ പാന്റ്  അഴിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ കുട്ടികളുടെ പോലും മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടില്‍ അനു മുങ്ങിമരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് നാട്ടുകാരുടെ വാദം.

പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191203/the-locals-said-that-the-death-of-anu-who-was-found-dead-in-the-stream-is-a-mystery)