---
title: "നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ് "
english_title: "A turning point in the incident where the dead body of a young woman was found in Nochad river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192136/a-turning-point-in-the-incident-where-the-dead-body-of-a-young-woman-was-found-in-nochad-river"
published_at: "2024-03-16T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f56781a679d_1_anu.jpg"
keywords: []
---

# നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ് 

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായുള്ള തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും പ്രതി പൊലീസ് നിരീക്ഷണത്തിലാണ്.

## Article Content

**പേരാമ്പ്ര : **നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായുള്ള തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും പ്രതി പൊലീസ് നിരീക്ഷണത്തിലാണ്.

മരണം മുങ്ങിമരണമാണെന്നും ശ്വാസകോശത്തില്‍ ചെളിവെള്ളം കയറിയതായുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മുക്കികൊന്നതാനുള്ള സാധ്യതയും കാണുന്നു.

ബലപ്രയോഗം നടന്നതായും കഴുത്തിലും കൈകളിലും ബലമായി പിടിച്ചതിന്റെ പാടുകളും ഉണ്ട്. വയറ്റില്‍ ചവിട്ടിയ പാടുള്ളത് വെള്ളത്തില്‍ മുക്കിയശേഷം ചവിട്ടിതാഴ്ത്തയതായി കരുതുന്നു. മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്ന് കരുതുന്നു. പീഢനം നടന്നതായ യാതൊരു ലക്ഷണവും ഇല്ല. അര്‍ധനഗ്നമായി, ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ആഭരണങ്ങളും മറ്റും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലപാതകമാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ സമയം സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആളെ കേന്ദ്രീകരിച്ചാണിപ്പോള്‍ പൊലീസ് അന്വേഷണം.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ചൊവ്വാഴ്ചയാണ് പേരാമ്പ്ര നെച്ചാട് അള്ളിയോറത്തോട്ടില്‍ 26 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഭരണങ്ങള്‍ നഷ്ടമായത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണിപ്പോള്‍ പൊലീസ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

അനുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയശേഷമാണ് അനുവിനെ കാണാതായത്. പിന്നീട് പുല്ലരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടില്‍ അര്‍ധനഗ്നയായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

തോടിന് സമീപത്ത് നിന്ന് അനുവിന്റെ പെഴ്സും മൊബൈല്‍ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു. അനുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും വിവിധ സംഘടനകള്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയുമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192136/a-turning-point-in-the-incident-where-the-dead-body-of-a-young-woman-was-found-in-nochad-river)