---
title: "വാളൂര്‍ യുവതിയുടെ മരണം; പ്രതി പൊലീസ് കസ്റ്റഡിയില്‍ "
english_title: "Death of Valur woman; The accused is in police custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192291/death-of-valur-woman-the-accused-is-in-police-custody"
published_at: "2024-03-17T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f65f2d0e55b_1_aanu.JPG"
keywords: []
---

# വാളൂര്‍ യുവതിയുടെ മരണം; പ്രതി പൊലീസ് കസ്റ്റഡിയില്‍ 

> **Lead Summary:** ** പേരാമ്പ്ര**: വാളൂര്‍ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി പൊലീസ് കസ്റ്റഡിയില്‍.

## Article Content

** പേരാമ്പ്ര**: വാളൂര്‍ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി പൊലീസ് കസ്റ്റഡിയില്‍.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് ഇയാളെ കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രി 10.30 ഓടെ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ഇന്ന് സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

നേരത്തെ ബലാത്സംഗ മുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നാണ് അറിയാന്‍ കഴിഞ്ഞത്. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു.

തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഇത് പ്രതിയുടെ സ്ഥിരം കവര്‍ച്ചാരീതിയെന്ന് പൊലീസ് വ്യക്തമാക്കി.

സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പ്രതിക്കായ് നടത്തിയ തെരച്ചിലിനൊടുവിലാണ് മലപ്പുറത്തു നിന്നും പ്രതിയെ പിടി കൂടുന്നത് അനുവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്.

രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്.

അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിന്റെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192291/death-of-valur-woman-the-accused-is-in-police-custody)