---
title: "വാളൂര്‍ കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍"
english_title: "Valur Murder; Two people were arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192475/valur-murder-two-people-were-arrested"
published_at: "2024-03-17T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f715c3875c7_1_anupathram.jpg"
keywords: []
---

# വാളൂര്‍ കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

> **Lead Summary:** ** പേരാമ്പ്ര: **വാളൂരില്‍ ഭര്‍തൃമതിയായ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

** പേരാമ്പ്ര: **വാളൂരില്‍ ഭര്‍തൃമതിയായ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം നടത്തിയ സംഭവത്തെക്കുറിച്ച് കോഴിക്കോട് റൂറല്‍ പൊലീസ് സൂപ്രണ്ട് ഡി.ആര്‍ അരവിന്ദ് സുകുമാര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ വെച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന്‍ (49), കളവ് സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിയായി പ്രവര്‍ത്തിച്ച കൊണ്ടോട്ടി ചുണ്ടക്കാട് അബൂബക്കര്‍ (52) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ പൊലീസ് മോഷണം നടത്തിയ ആഭരണങ്ങള്‍ വീണ്ടെടുക്കുന്നതിനായി പ്രതിയുമായി കൊണ്ടോട്ടിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍ക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 60 ഓളം കേസുകള്‍ കൊടും കുറ്റവാളിയായ ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂര്‍ മട്ടന്നൂരില്‍ നിന്ന് മോഷണം നടത്തിയ ബൈക്കുമായാണ് ഇയാള്‍ കൃത്യം നിര്‍വ്വഹിച്ചത്.

മലബാറിലെ ഉള്‍പ്രദേശങ്ങളിലൂടെ വാഹനങ്ങളില്‍ കറങ്ങി പിടിച്ചുപറി നടത്തലാണ് ഇയാളുടെ പ്രധാന തൊഴില്‍. നിരവധി തവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

മുക്കത്ത് മോഷണത്തിനിടെ ബലാത്സംഘവും നടത്തിയെങ്കിലും അവിടെ ഇര കൊല ചെയ്യപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. മാര്‍ച്ച് 11 തിങ്കളാഴ്ച്ച പുലര്‍ച്ചെ മട്ടന്നൂരിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മതില്‍ പൊളിച്ച് മോഷണം നടത്തി സമീപത്തെ വീട്ടില്‍ നിന്ന് ഹെല്‍മറ്റും മോഷ്ടിച്ചാണ് പ്രതി പേരാമ്പ്ര ഭാഗത്ത് എത്തുന്നത്.

ആളൊഴിഞ്ഞ വഴികളില്‍ സ്ത്രീകളെ ലക്ഷ്യം വെച്ച് കറങ്ങുന്ന ഇയാള്‍ വാളൂര്‍ റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്ക് നിര്‍ത്തി നില്‍ക്കുന്ന സമയത്താണ് ഒരു യുവതി ഫോണ്‍ ചെയ്ത് ധൃതിയില്‍ പോവുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെടുന്നത്. ഫോണ്‍ സംസാരത്തില്‍ നിന്നും മറ്റാരോ കാത്തു നില്‍ക്കുന്നതായും തനിക്ക് വാഹനമൊന്നും കിട്ടിയില്ലെന്ന് പറയുന്നതും കേട്ട മുജീബ് ബൈക്കുമെടുത്ത് യുവതിക്കരികില്‍ എത്തുകയായിരുന്നു.

മുളിയങ്ങലിലേക്കാണങ്കില്‍ കയറിക്കോ എന്നാവശ്യപ്പെട്ടങ്കിലും ആദ്യം മടിച്ച യുവതി പിന്നീട് ഇയാളുടെ പുറകില്‍ കയറുകയായിരുന്നു. യുവതിയെ കാണാതായ ദിവസം ഒരു യുവാവിന്റെ പിന്നില്‍ അകലം പാലിച്ചിരുന്ന് യുവതി പോവുന്നത് കണ്ടതായി ദൃക്‌സാക്ഷി കണാതായ ദിവസം തന്നെ പോലീസിനോട് പറഞ്ഞിരുന്നു.

യുവതിയുമായി വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ് എച്ച്‌സിക്കു സമീപത്തെ അള്ളിയോറ താഴെ തോടിന് സമീപമെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നറിയിച്ച് വണ്ടി നിര്‍ത്തി ഇറക്കി. ബൈക്കില്‍നിന്ന യുവതിയും ഇറങ്ങിയതോടെ ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബലം പിടുത്തത്തിനിടയില്‍ നിലത്ത് വീണ യുവതിയെ തട്ടി തോട്ടിലേക്ക് ഇടുകയും അവിടന്ന് വലിച്ചിഴച്ച് തൊട്ടു മുന്‍പിലുണ്ടായിരുന്ന പാലത്തിനടിയില്‍ ചളി വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.ഏറെ നേരം യുവതിയുടെ ദേഹത്ത് ചവിട്ടി നിന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങള്‍ കവര്‍ന്നത്. മാലയും മോതിരവും പാദസരവും കൈക്കലാക്കിയ മുജീബ് അരഞ്ഞാണമുണ്ടോ എന്ന് പരിശോധിക്കുന്നതിനു വേണ്ടി ചുരിദാര്‍ അഴിച്ച് നോക്കിയെങ്കിലും അരഞ്ഞാണമില്ലായിരുന്നു. അതായിരുന്നു അര്‍ദ്ധനഗ്‌നയായി മൃതദേഹം കാണപ്പെട്ടത്.

തുടര്‍ന്ന് ബൈക്കില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര ഡി വൈഎസ് പി കെ.എം ബിജുവിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെ നേതൃത്വത്തില്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ബൈക്കിന്റെ ഉടമയെ തേടി മട്ടന്നൂരില്‍ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതാണെന്ന് അറിയുന്നത്. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളുമായി സഹകരിച്ച് നടത്തിയ അന്യേഷണത്തിലും മുജീബിന്റെ മുന്‍ കാല കേസുകളുടെയും പശ്ചാത്തലത്തിലും അന്യേഷണം മലപ്പുത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

മാരകായുധങ്ങളുമായി കറങ്ങുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. വീട്ടില്‍ കയറി കതകടച്ച പ്രതിയെ വാതില്‍ ചവിട്ടി തുറന്ന് മല്‍പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. ഇതിനിടെ പേരാമ്പ്ര പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാറിന്റെ കൈക്ക് ചില്ലുകൊണ്ട് കുത്തേറ്റ് പരുക്കേറ്റിട്ടുണ്ട്.

കൊണ്ടൊട്ടിയില്‍ ഇയാള്‍ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഏല്പിച്ച അബൂബക്കറുമായി ഇന്നലെ തന്നെ പോലീസ് ആഭരണങ്ങള്‍ വാങ്ങിയ സേഠുവിന്റെ പക്കല്‍ നിന്നും അനുവിന്റെ സ്വര്‍ണ്ണാഭരണങ്ങളെല്ലാം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെത്തെ തെളിവെടുപ്പിന് ശേഷം പേരാമ്പ്രയില്‍ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.

നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടപെടല്‍ അന്വോഷണത്തിന് കൂടുതല്‍ സഹായകരമായി. കോഴിക്കോട് റൂറല്‍ പൊലീസ് സൂപ്രണ്ട് ഡി.ആര്‍ അരവിന്ദ് സുകുമാര്‍ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ വെച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പേരാമ്പ്ര ഡി വൈഎസ് പി കെ.എം ബിജു, പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192475/valur-murder-two-people-were-arrested)