---
title: "എംവി ദേവന്‍ പുരസ്‌കാരം റഷീദ് മുതുകാടിന് "
english_title: "MV Devan award to Rasheed Mutukad "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192584/mv-devan-award-to-rasheed-mutukad"
published_at: "2024-03-18T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7e2db9d503_1_rasheeth.jpg"
keywords: []
---

# എംവി ദേവന്‍ പുരസ്‌കാരം റഷീദ് മുതുകാടിന് 

> **Lead Summary:** **പേരാമ്പ്ര: **തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2022-2023 വര്‍ഷത്തെ എം.വി.ദേവന്‍ പുരസ്‌കാരത്തിന് കൈയ്യെഴുത്ത് കലാകാരന്‍ റഷീദ് മുതുകാട് അര്‍ഹനായി.

## Article Content

**പേരാമ്പ്ര: **തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2022-2023 വര്‍ഷത്തെ എം.വി.ദേവന്‍ പുരസ്‌കാരത്തിന് കൈയ്യെഴുത്ത് കലാകാരന്‍ റഷീദ് മുതുകാട് അര്‍ഹനായി.

കൈയക്ഷരത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തന മികവിനാണ് അംഗീകാരം. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി സോഷ്യല്‍ മീഡിയയില്‍ പ്രമുഖരടക്കം ആശംസാകാര്‍ഡുകള്‍ പങ്കുവയ്ക്കുന്നത് റഷീദ് മുതുകാടിന്റെ കൈയ്യക്ഷര പോസ്റ്ററുകളാണ്.

ഭാരത് സേവക് സമാജിന്റെ ദേശീയ അംഗീകാരം, ബി.ആര്‍. അംബേദ്കര്‍ രത്‌ന അവാര്‍ഡ്, രാജാ രവിവര്‍മ്മ പുരസ്‌കാരം എന്നിവക്ക് റഷീദ് മുതുകാട് അര്‍ഹനായിട്ടുണ്ട്.

കുറിപ്പുകള്‍ , ക്ഷണക്കത്തുകള്‍, ആശംസാകാര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ രൂപകല്‍പന ചെയ്യുന്നതില്‍ ശ്രദ്ധേയനായ റഷീദ് മുതുകാട് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി മുതുകാട് സ്വദേശിയും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി ജീവനക്കാരനുമാണ്.

മാര്‍ച്ച് 27 ന് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ വെച്ച് നടക്കുന്ന ട്രസ്റ്റിന്റെ വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിരവധി കലാ സാഹിത്യ പ്രതിഭകളുടെ സാന്നിദ്ധ്യത്തില്‍ റഷീദ് മുതുകാടിന് പുരസ്‌കാരം സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192584/mv-devan-award-to-rasheed-mutukad)