---
title: "വാളൂര്‍ യുവതിയുടെ കൊലപാതകം; പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും "
english_title: "Valur woman's murder; The accused will be taken into custody today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192800/valur-womans-murder-the-accused-will-be-taken-into-custody-today"
published_at: "2024-03-19T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f91fe18a23d_1_aaanu.JPG"
keywords: []
---

# വാളൂര്‍ യുവതിയുടെ കൊലപാതകം; പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും 

> **Lead Summary:** ** പേരാമ്പ്ര:** വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയ കൊണ്ടോട്ടി മുജീബി നെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാന്‍ അന്വേഷക സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

## Article Content

** പേരാമ്പ്ര:** വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയ കൊണ്ടോട്ടി മുജീബി നെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാന്‍ അന്വേഷക സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

കേസന്വേഷിക്കുന്ന പേരാമ്പ്ര സിഐ എം.എ സന്തോഷാണ് പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) യില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

മുജീബിനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതി ബൈക്ക് മോഷ്ടിച്ച മട്ടന്നൂരിലും കൃത്യം നടത്തിയ അള്ളിയോറതാഴെയിലും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ബൈക്ക് ഉപേക്ഷിച്ച എടവണ്ണപ്പാറയിലും ആഭരണങ്ങള്‍ വിറ്റ കൊണ്ടോട്ടിയിലും മുജീബിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുഹൃത്ത് അബൂബക്കര്‍ വഴി കൊണ്ടോട്ടിയില്‍ വില്‍പ്പന നടത്തിയ സ്വര്‍ണാഭരണങ്ങളും എടവണ്ണപ്പാറ അങ്ങാടിക്ക് സമീപം ഉപേക്ഷിച്ച ബൈക്ക്. ഹെല്‍മെറ്റ്, ജാക്കറ്റ് എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കള്‍ രാവിലെയാണ് ബൈക്കിലെത്തിയ പ്രതി മുജീബ് റഹ്‌മാന്‍ അനുവിന് ലിഫ്റ്റ് നല്‍കി ബൈക്കില്‍ കയറ്റി റോഡരികിലുള്ള അള്ളിയോറ താഴ തോട്ടിലേക്ക് തള്ളിവീഴ്ത്തിയ ശേഷം തല ചെളിയില്‍ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയത്.

യുവതി അണിഞ്ഞിരുന്ന താലിമാല, ബ്രേസ് ലെറ്റ്, വിവാഹ മോതിര മടക്കം രണ്ട് മോതിരം, സ്വര്‍ണ പാദസരം എന്നിവ ഊരിയെടുത്ത് സ്ഥലം വിടുകയായിരുന്നു. പിറ്റേ ദിവസം ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഞായറാഴ്ച പൊലീസ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192800/valur-womans-murder-the-accused-will-be-taken-into-custody-today)