---
title: "വാളൂര്‍ കൊലപാതകം; പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു "
english_title: "Valur Murder; The accused was taken for evidence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193392/valur-murder-the-accused-was-taken-for-evidence"
published_at: "2024-03-21T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc1ffcce035_1_anu_m.JPG"
keywords: []
---

# വാളൂര്‍ കൊലപാതകം; പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാനെ തെളിവെടുപ്പിനായി അള്ളിയോറ താഴ തോട്ടില്‍ എത്തിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടു വന്നത്.

## Article Content

**പേരാമ്പ്ര: **വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാനെ തെളിവെടുപ്പിനായി അള്ളിയോറ താഴ തോട്ടില്‍ എത്തിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടു വന്നത്.

പ്രതിയെ കൊണ്ടുവരുന്ന വിവരം അറിഞ്ഞ് വാളൂരിലെയും സമീപപ്രദേശങ്ങളിലെയും സ്ത്രീകളുള്‍പ്പെടെ നൂറ് കണക്കിന് ആളുകള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. പ്രതിയെ എത്തിക്കുന്നതിന് മുമ്പേ വന്‍ പൊലീസ് സന്നാഹം ഇവിടെ വിന്യസിച്ചിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനായി പൊലീസ് ഇവിടെ വടം കെട്ടി സുരക്ഷ ഒരുക്കി.

വാളൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപം ആദ്യം എത്തിച്ച പ്രതിയെ അവിടെ തെളിവെടുപ്പ് നടത്തിയ ശേഷമാണ് കൊലപാതകം നടന്ന വയലിലേക്ക് കൊണ്ടുവന്നത്.

യുവതിയെ ബൈക്കില്‍ കയറ്റിയ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വണ്ടപ്പുറം ഭാഗത്ത് എത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. സ്ഥലത്ത് ഇറക്കിയ പ്രതി യുവതിയെ ബൈക്കില്‍ കയറ്റിയ സ്ഥലം ചൂണ്ടി കാണിച്ചു കൊടുത്തു. തുടര്‍ന്ന് യുവതിയെ കൊല ചെയ്ത അള്ളിയോറ താഴ വയലില്‍ 3.55 ഓടെ എത്തിച്ച് തെളിവെടുക്കുകയായിരുന്നു.

ഭര്‍ത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തി.

പ്രതിയെ ബസില്‍ നിന്നും പൊലീസ് പുറത്തേക്ക് ഇറക്കിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെ കൂക്കിവിളിച്ചും ചീത്തവിളിച്ചുമാണ് എതിരേറ്റത്. പ്രതിയെ കൊണ്ടുവന്നാല്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടാവില്ലെന്ന് നാട്ടുകാരുടെ ഉറപ്പ് ലഭിച്ച ശേഷമാണ് പ്രതിയെ എത്തിച്ചതെങ്കിലും പ്രതിയെ കണ്ടതോടെ ജനങ്ങളുടെ നിയന്ത്രണം നഷ്ടമായി. ചീത്ത വിളിയോടെ തുടങ്ങിയ ആക്രോശം കല്ലേറിലേക്ക് മാറിയപ്പോള്‍ പ്രതിയെ ഉടന്‍ പൊലീസ് വാഹനത്തിലേക്ക് കയറ്റി രക്ഷിക്കുകയിരുന്നു.

വിവിധ ജില്ലകളിലെ ഉള്‍പ്രദേശങ്ങളിലൂടെ വാഹനങ്ങളില്‍ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി. നിരവധി കേസുകളിലെ പ്രതിയാണ് മുജീബ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193392/valur-murder-the-accused-was-taken-for-evidence)