---
title: "ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍, ഓഫ് ദ പീപ്പിള്‍ ചര്‍ച്ച സംഘടിപ്പിച്ച് എല്‍ഡിഎഫ് "
english_title: "By the people, for the people, of the people discussion organized by LDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194287/by-the-people-for-the-people-of-the-people-discussion-organized-by-ldf"
published_at: "2024-03-25T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66014b33bb2c8_1_kareemm.JPG"
keywords: []
---

# ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍, ഓഫ് ദ പീപ്പിള്‍ ചര്‍ച്ച സംഘടിപ്പിച്ച് എല്‍ഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര :** മണ്ഡലത്തിലെ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍, പഞ്ചായത്ത് ജനപ്രതിനിധികളുമായി മണ്ഡലത്തിലെ വികസനകാര്യങ്ങള്‍ സംവദിക്കുവാനായി എല്‍ഡിഎഫ് ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍, ഓഫ് ദ പീപ്പിള്‍ ചര്‍ച്ച സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** മണ്ഡലത്തിലെ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍, പഞ്ചായത്ത് ജനപ്രതിനിധികളുമായി മണ്ഡലത്തിലെ വികസനകാര്യങ്ങള്‍ സംവദിക്കുവാനായി എല്‍ഡിഎഫ് ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍, ഓഫ് ദ പീപ്പിള്‍ ചര്‍ച്ച സംഘടിപ്പിച്ചു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ വികസനം, മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമിയിലെ പുതിയ സംരംഭം എന്നിവയുടെ പ്രയോജനം കൊണ്ട് ഏറെ വികസിതമായ ഒരു നഗരമെന്നതാണ് കോഴിക്കോടിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടെന്ന് ചര്‍ച്ചയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകളുടെയും ഒന്നിച്ചുള്ള മുന്നേറ്റത്തിലൂടെ ഇതൊരു യാഥാര്‍ത്ഥ്യമാക്കി മാറ്റുകയെന്ന ഉത്തരവാദിത്വമാണ് തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നഗരത്തെ ഇത്ര വളര്‍ത്തിയതില്‍ ഗ്വാളിയോര്‍ റയോണ്‍സിന് ഏറെ പങ്കുണ്ടായിരുന്നു. എന്നാല്‍ കൊച്ചി എയര്‍പോര്‍ട്ട് എറണാകുളത്തിന്റെ വികസനത്തിന് നല്കിയതുപോലുള്ള ഒരു പിന്‍തുണ കരിപ്പൂര്‍ കൊണ്ട് കോഴിക്കോടിന്റെ കാര്യത്തിലുണ്ടായിട്ടില്ലെന്നും കരീം പറഞ്ഞു.

അതുകൊണ്ട് തന്നെ നാഷണല്‍ ഹൈവേ പൂര്‍ത്തിയാകുന്നതോടുകൂടി കോഴിക്കോടിന്റെ കിഴക്കുഭാഗം കേന്ദ്രീകരിച്ച് നഗരം കൂടുതല്‍ വിപുലീകരിച്ച്, വികസനത്തിനായുള്ള സ്ഥല ലഭ്യത കുറവ് തീര്‍ത്തുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ രീതിയിലായിരിക്കണം നമ്മുടെ ഭാവി വികസനം. മറ്റു നഗരങ്ങളെയപേക്ഷിച്ച് നമ്മുടെ വലിയ സാധ്യതയായ മാലിന്യരഹിതമായ കനോലി കനാലിലൂടെ നഗരത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ വരെ അതെത്തണം.

എഡ്യൂക്കേഷന്‍ ഹബ്ബ്, ഹെല്‍ത്ത് ഹബ്ബ്, ടൂറിസം തുടങ്ങിയ മേഖലകളില്‍ ജില്ലയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന പദ്ധതികളുണ്ടാക്കുകയെന്നതും ഏറെ അനിവാര്യമായ കാര്യമാണ്. ദാരിദ്ര്യ നിര്‍മാര്‍ജന മടക്കം അടിസ്ഥാന കാര്യങ്ങളില്‍ 2004-ല്‍ വന്ന യു.പി.എ സര്‍ക്കാര്‍ സുപ്രധാന നിയമനിര്‍മാണം നടത്തുവാന്‍ കാരണം. 61 ഇടത് എം.പിമാരുടെ പിന്തുണയായിരുന്നു. ഇന്ത്യ ഇതേ പോലെ നിലനില്ക്കുമോയെന്ന ഭീതിയുള്ള വര്‍ത്തമാനകാലത്തും കൂടുതല്‍ ഇടത് എം.പിമാരുണ്ടാകുകയെന്നതിന്റെ പ്രസക്തിയെയാണ് ഇതെടുത്തുകാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ച മോഡറേറ്റ് ചെയ്തു കൊണ്ട്, വികസന കാര്യത്തില്‍ സമഗ്രമായ കാഴ്ചപ്പാട് ഉണ്ടെന്നതിനപ്പുറം രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളുമായി വിളക്കിചേര്‍ക്കുന്നതിന് നേതൃത്വം വഹിക്കുവാന്‍ പറ്റിയ സാരഥി കൂടിയാണ് എളമരം കരീം എന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ലോക്സഭയിലെ സാന്നിധ്യം കോഴിക്കോട്ടുകാരുടെ ആവശ്യത്തിലപ്പുറം ജനാധിപത്യ കക്ഷികളുടെ ഒരാവശ്യമായി മാറുന്നതന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.

സംവാദത്തില്‍ എംഎല്‍എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പി.ടി.എ റഹീം, സച്ചിന്‍ ദേവ്, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേയര്‍ ഡോ. ബീനാഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് എന്നിവരും മറ്റു വിവിധ തദ്ദേശസ്വയംഭരണ സാരഥികളും അംഗങ്ങളും സംസാരിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ പ്രദീപ് കുമാര്‍ ആമുഖ പ്രസംഗം നടത്തി. വികസന കാര്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ഇടതുപക്ഷ മുന്നണിയുടെ മണ്ഡലത്തിന്റെ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ വേണ്ടി കൂടിയാണ് ഇത്തരമൊരു ചര്‍ച്ച സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194287/by-the-people-for-the-people-of-the-people-discussion-organized-by-ldf)