---
title: "തലശ്ശേരിയുടെ മനം കവര്‍ന്ന് കെ.കെ ശൈലജ"
english_title: "KK Shailaja stole the heart of Thalassery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194464/kk-shailaja-stole-the-heart-of-thalassery"
published_at: "2024-03-26T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660258e258e77_1_shylaja.JPG"
keywords: []
---

# തലശ്ശേരിയുടെ മനം കവര്‍ന്ന് കെ.കെ ശൈലജ

> **Lead Summary:** ** പേരാമ്പ്ര : **തലശേരിയുടെ സ്നേഹാദരം ഏറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ മണ്ഡല പര്യടനം. ആശുപത്രികളും കോളേജുകളും ബീഡി കമ്പനികളും സന്ദര്‍ശിച്ചും മാര്‍ക്കറ്റുകളിലെ തൊഴിലാളികളോട് സൗഹൃദം പുതുക്കിയും സ്ഥാനാര്‍ഥി നടത്തിയ സന്ദര്‍ശനം ഇടതുമുന്നേറ്റം വിളംബരം ചെയ്യുന്നതായി.

## Article Content

** പേരാമ്പ്ര : **തലശേരിയുടെ സ്നേഹാദരം ഏറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ മണ്ഡല പര്യടനം. ആശുപത്രികളും കോളേജുകളും ബീഡി കമ്പനികളും സന്ദര്‍ശിച്ചും മാര്‍ക്കറ്റുകളിലെ തൊഴിലാളികളോട് സൗഹൃദം പുതുക്കിയും സ്ഥാനാര്‍ഥി നടത്തിയ സന്ദര്‍ശനം ഇടതുമുന്നേറ്റം വിളംബരം ചെയ്യുന്നതായി.

ടൗണിലെ പച്ചക്കറി--മത്സ്യ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചായിരുന്നു തുടക്കം. ജനറലാശുപത്രിയിലെത്തി രോഗികളോട് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ജീവനക്കാരോട് സൗഹൃദം പങ്കിടുകയും സിസ്റ്റര്‍ ലിനി സ്മാരകത്തില്‍ പൂക്കളര്‍പ്പിക്കുകയും ചെയ്തു. തലശേരി സഹകരണാശുപത്രിയിലും ആവേശോജ്വല സ്വീകരണമായിരുന്നു.

മുത്തുക്കുടകളും താലങ്ങളുമേന്തി ആശുപത്രി ജീവനക്കാര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ''നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക, കരളുടഞ്ഞു വീഴുകില്ലിത് കരളുറപ്പുള്ള കേരള''മെന്ന അതിജീവന ഗാനത്തിന് ചുവടുവെച്ച് ആശുപത്രി ജീവനക്കാര്‍ സ്ഥാനാര്‍ഥിയെ ആനയിച്ചു.

കോവിഡ് കാലത്തെ അതിജീവനത്തെ ഓര്‍മ്മപ്പെടുത്തിയ ഹൃസ്വമായ വാക്കുകളില്‍ മറുപടി. മാഹി ദന്തല്‍കോളേജിലും സമാനതയില്ലാത്ത വരവേല്‍പായിരുന്നു. വിദ്യാര്‍ഥികളും ജീവനക്കാരും ഒന്നടങ്കമെത്തി സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. തലശ്ശേരി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ കൊന്നപൂക്കളില്‍ സ്നേഹം നിറച്ചാണ് പിന്തുണ അറിയിച്ചത്.

ആരോഗ്യമന്ത്രിയായിരിക്കെ ശൈലജ നടത്തിയ വികസന പദ്ധതികള്‍ ഓര്‍ത്തെടുക്കാനുള്ള അവസരമായി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ സന്ദര്‍ശനം. ടെലി ഹോസ്പിറ്റല്‍, ഇന്ധിരാഗാന്ധി സഹകരണാശുപത്രി, മിഷന്‍ ഹോസ്പിറ്റല്‍, കോളേജ് ഓഫ് നഴ്സിംഗ് തലശേരി, സഹകരണ പരിശീലന കോളേജ്, കുന്നോത്ത് ദിനേശ്, ചോനാടം റബ്കോ, കതിരൂര്‍ ദിനേശ് എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിയെത്തി.

എല്‍ഡിഎഫ് നേതാക്കളായ കാരായി രാജന്‍, എം.സി പവിത്രന്‍, സി.കെ രമേശന്‍, സി.പി ഷൈജന്‍, എം.എസ് നിഷാദ്, എം ബാലന്‍, ടി.പി ശ്രീധരന്‍, ഒ രമേശന്‍, കെ.കെ ജയപ്രകാശ്, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു. എല്ലാവരും കെ.കെ ശൈലജയായി കതിരൂര്‍ ഒന്നല്ല, ഒരുനൂറ് കെ.കെ ശൈലജമാര്‍.

കരുതലിന്റെയും സ്നേഹത്തിന്റെയും ആ മുഖം അണിഞ്ഞാണ് കതിരൂര്‍ ദിനേശ്ബീഡി കമ്പനിയിലേക്ക് പ്രിയപ്പെട്ട ടീച്ചറെ തൊഴിലാളികള്‍ ചേര്‍ത്ത് പിടിച്ചത്. കമ്പനിയിലെ മുഴുവന്‍ തൊഴിലാളി സ്ത്രീകളും ടീച്ചറുടെ മുഖം അണിഞ്ഞപ്പോള്‍ കൗതുകം നിറഞ്ഞ കാഴ്ചക്ക് സാക്ഷിയാവാന്‍ 'ഹൃദയങ്ങളിലാണ് ടീച്ചര്‍' എന്ന പ്ലക്കാര്‍ഡുമായി നാട്ടുകാരും. പഴങ്ങള്‍ നിറച്ച താലങ്ങളുമേന്തി ആവേശത്തിന്റെ നാസിക്മേളവും മുദ്രാവാക്യവുമായാണ് ബീഡികമ്പനിയിലേക്ക് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194464/kk-shailaja-stole-the-heart-of-thalassery)