---
title: "വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍ "
english_title: "Valur Murder; Accused Mujeeb Rahman's wife Raufina arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195296/valur-murder-accused-mujeeb-rahmans-wife-raufina-arrested"
published_at: "2024-03-29T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660662be8020d_1_aaanu.JPG"
keywords: []
---

# വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍ 

> **Lead Summary:** **‍ പേരാമ്പ്ര:** വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**‍ പേരാമ്പ്ര:** വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മോഷണ സ്വര്‍ണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നല്‍കിയതായും ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യില്‍ ഏല്‍പ്പിച്ചു എന്നാണ് പറയുന്നത്. ഈ പണം പൊലീസ് പിന്നീട് കണ്ടെടുത്തു. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ നിര്‍ണായക തെളിവുകള്‍ തേടി പ്രതി മുജീബിന്റെ വീട്ടില്‍ പൊലീസെത്തും മുന്‍പ് തെളിവ് നശിപ്പിക്കാന്‍ ഭാര്യ റൗഫീന ശ്രമിച്ചതായി നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങള്‍ തേടിയാണ് മുജീബ് റഹ്‌മാന്റെ വീട്ടില്‍ പൊലീസെത്തിയത്.

ഈ വസ്ത്രങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തതെന്നുമാണ് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നത്.

ഇത്തരത്തില്‍ കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് റൗഫീനയെ പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ മുജീബ് ധരിച്ച പാന്റ്  നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്.

.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195296/valur-murder-accused-mujeeb-rahmans-wife-raufina-arrested)