---
title: "വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി  കെ.കെ ശൈലജക്ക് ഊഷ്മള വരവേല്‍പ്പ് ഒരുക്കി നാട്"
english_title: "Vadakara Lok Sabha Constituency Candidate KK Shailaja Gets A Warm Welcome"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195806/vadakara-lok-sabha-constituency-candidate-kk-shailaja-gets-a-warm-welcome"
published_at: "2024-03-31T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66090a609a376_shailaja_.png"
keywords: []
---

# വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി  കെ.കെ ശൈലജക്ക് ഊഷ്മള വരവേല്‍പ്പ് ഒരുക്കി നാട്

> **Lead Summary:** **വടകര: ** ഗ്രാമവീഥികളെ ചെമ്പട്ടണിയിച്ച് വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി കെ കെ ശൈലജക്ക് ഊഷ്മള വരവേല്‍പ് ഒരുക്കി നാട്.

## Article Content

**വടകര: ** ഗ്രാമവീഥികളെ ചെമ്പട്ടണിയിച്ച് വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി കെ കെ ശൈലജക്ക് ഊഷ്മള വരവേല്‍പ് ഒരുക്കി നാട്.

ദുരിത നാളുകളില്‍ നാടിന് കവചമൊരുക്കിയ പേരാളിയെ കാണാനും അഭിവാദ്യവര്‍പ്പിക്കാനുമായി നൂറ് കണക്കിന് പേരാണ് ഒരോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്.മന്ത്രിയാപ്പോഴും ജനപ്രതിനിധിയായപ്പോഴും നാടിനെ ചേര്‍ത്തു പിടിച്ചപൊലെ ലോക്‌സഭയില്‍ നാടിനായി പോരാടുമെന്ന ടീച്ചറുടെ വാക്കുകള്‍ കുറച്ചൊന്നുമല്ല നാട്ടുകാര്‍ക്ക് ആശ്വാസമേകുന്നത്. ശനി രാവിലെ മന്തരത്തൂര്‍ വായനശാല പരിസരത്തായിരുന്നു കെ കെ ശൈലജയുടെ കുറ്റ്യാടി മണ്ഡലത്തിലെ ആദ്യ സ്വീകരണ പരിപാടി. രാവിലെ മുതല്‍ തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ ടീച്ചറെ സ്വീകരിക്കാനെത്തി.

ചങ്ങരോത്ത് താഴയിലും ചെല്ലട്ടുപൊയിലിലെ സ്വീകരണ കേന്ദ്രമായ ഫീനിക്‌സ് ബസ് സ്റ്റോപ്പിനു സമീപവും വര്‍ണ ബലൂണുകളും പൂക്കളുമായി സ്ഥാനാര്‍ഥിക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. പര്യടനത്തിനിടയില്‍ നടുവയലില്‍ ഡിവൈഎഫ്‌ഐ യുടെ ഹൃദയപൂര്‍വ്വം പദ്ധതിയില്‍ പതിയാരക്കര മേഖല കമ്മിറ്റിയുടെ മെഡിക്കല്‍ കോളേജിലേക്ക് പൊതിച്ചോറുമായുള്ള വാഹനം കെ കെ ശൈലജ ഫ്‌ലാഗ് ഓഫ് ചെയ്തു. മുടപ്പിലാവില്‍ നോര്‍ത്തില്‍ സ്വീകരണത്തിനു ശേഷം കാവില്‍ റോഡില്‍ നാസിക് ഡോള്‍ സംഗീത വാദ്യത്തോടെ സ്ഥാനാര്‍ഥിയെ എതിരേറ്റു.

ഉച്ചവെയിലിന്റ കാഠിന്യമൊന്നും ഏശാതെ മയ്യന്നൂരിലെയും കിസാനിലെയും വള്ള്യാട്ടെയും സ്വീകരണ കേന്ദ്രങ്ങള്‍ ജനനിബിഡമായി. തട്ടോണ്ടി, തറോപൊയില്‍, കുറ്റ്യാടി, കക്കട്ട്, പള്ളിയത്ത് കേളോത്ത് മുക്ക് അരൂര് കടമേരി കുരിങ്ങാട, കല്ലേരി തുടങ്ങിയ സ്വീകരണങ്ങള്‍ക്ക് ശേഷം ചെമ്മരത്തൂരില്‍ സമാപിച്ചു. സമാപന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, കെ കെ ദിനേശന്‍, ടി പി ഗോപാലന്‍, കെ പുഷ്പജ, കൂടത്താം കണ്ടി സുരേഷ്, കെ കെ സുരേഷ്, പി സുരേഷ് ബാബു, കെ പി പവിത്രന്‍, ആയാടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്ക് ഒപ്പമുണ്ടായി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ എം ബാബു, കെ വാസു, ടി കെ രാഘവന്‍, കെ രാഘവന്‍, സി എച്ച് ഹമീദ്, ജയപ്രകാശ്, പി സി ഷൈജു, ടി കെ മോഹന്‍ദാസ്, കെ പി ചന്ദ്രി, കെ പി ശ്രീജിത്ത്, മുഹമ്മദ് കക്കട്ടില്‍, അഡ്വ. ബിനൂപ്, റീന സുരേഷ്, കെ എം ബാബു, വിനോദ് ചെറിയത്ത്, നിധിന്‍ കെ വൈദ്യര്‍, തായന ശശി തുടങ്ങിയവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195806/vadakara-lok-sabha-constituency-candidate-kk-shailaja-gets-a-warm-welcome)