---
title: "പാനൂരില്‍ യുഡിഎഫ് സമാധാന സന്ദേശയാത്ര നടത്തി "
english_title: "UDF conducted a peace mission in Panur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197123/udf-conducted-a-peace-mission-in-panur"
published_at: "2024-04-06T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661109e2c1aa7_1_shafi.jpg"
keywords: []
---

# പാനൂരില്‍ യുഡിഎഫ് സമാധാന സന്ദേശയാത്ര നടത്തി 

> **Lead Summary:** **പേരാമ്പ്ര: **വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ സമാധാന സന്ദേശയാത്ര നടത്തി.

## Article Content

**പേരാമ്പ്ര: **വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ സമാധാന സന്ദേശയാത്ര നടത്തി.

കഴിഞ്ഞ ദിവസം പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശയാത്ര നടത്തിയത്.

ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമയും യാത്രയില്‍ പങ്കെടുത്തു. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് തുടങ്ങിയ യാത്ര ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു.

യുഡിഎഫ് നേതാക്കളും 100 കണക്കിനാളുകളും അണിനിരന്നു. തുടര്‍ന്ന് സമാപന ചടങ്ങില്‍ ഷാഫി പറമ്പില്‍ സംസാരിച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഐഎം നടത്തുന്നതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഐഎം തയ്യാറല്ല എന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം നടന്ന സ്ഫോടനമെന്നും അദ്ദേഹം ആരോപിച്ചു.

ആരെ ഉദ്ദേശിച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്ന് സിപിഎം ജനങ്ങളോട് തുറന്ന് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് പ്രദേശത്ത് നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സ്ഫോടനം നടന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ടിപി ചര്‍ച്ചാ വിഷയം ആകുന്നത് ഉത്തമമാണെന്ന് യാത്രയില്‍ പങ്കെടുത്ത് രമ അഭിപ്രായപ്പെട്ടു. യുഡിഎഫ് നേതാക്കളായ പാറക്കല്‍ അബ്ദുള്ള, അഹമ്മദ് പുന്നയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197123/udf-conducted-a-peace-mission-in-panur)