---
title: "ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുഡിഎഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "As part of Shafi Parampil's election campaign, the UDF workers' convention was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197991/as-part-of-shafi-parampils-election-campaign-the-udf-workers-convention-was-organized"
published_at: "2024-04-10T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66162e39b2af5_1_kus.JPG"
keywords: []
---

# ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുഡിഎഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര **: വടകര പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുഡിഎഫ് ചക്കിട്ടപ്പാറ പഞ്ചായത്ത് 41, 42 ബൂത്തുകളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: വടകര പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുഡിഎഫ് ചക്കിട്ടപ്പാറ പഞ്ചായത്ത് 41, 42 ബൂത്തുകളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എംപി തോട്ടുപുറം ഭവനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളില്‍ ബോംബുകള്‍ നിര്‍മ്മിച്ച് നാട്ടിലും കുടുംബങ്ങളിലും സമാധാനന്തരീക്ഷം തകര്‍ക്കുന്ന സി.പി.എം നയം തിരുത്തേ ണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

സമാധാനം നശിപ്പിക്കുന്നവര്‍ക്ക് സ്വപ്നങ്ങള്‍ കാണാന്‍ കഴിയില്ല. ബോംബ് രാഷ്ട്രീയം പുതുതലമുറ ഇഷ്ടപ്പെടുന്നില്ല. സിദ്ധാര്‍ത്ഥിന്റെ കൊലപാതകം പൈശാചികമാണ്. കുട്ടികളെ കാമ്പസുകളിലേക്ക് വിടാന്‍ രക്ഷിതാക്കള്‍ ഭയക്കുന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഉള്ളത്. ഇതിനെതിരെ പ്രതികരിക്കാന്‍ ശേഷിയുള്ള ഇന്ത്യ മുന്നണിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനക്ഷേമം ഉറപ്പു വരുത്തുന്നതാണ്. പ്രകടന പത്രികളില്‍ കോണ്‍ഗ്രസ് നല്‍കുന്ന ഗ്യാരണ്ടികള്‍ കര്‍ണാടകയിലും തെലുങ്കാനയിലും വിജയകരം ആണെന്ന് തെളിയിച്ചിട്ടുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ഇതു കൊണ്ടു തന്നെ ജനങ്ങളുടെ ആശ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യ മുന്നണിക്ക് കഴിയുമെന്നതില്‍ സംശയമില്ല എന്നും അവര്‍ പറഞ്ഞു.

ജയിംസ് തോട്ടുപുറത്ത് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാവ് ജിതേഷ് മുതുകാട്, ഡിസിസി ജനറല്‍ സെക്രട്ടറി പി വാസു, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയേടത്ത്, മുസ്ലിം ലീഗ് നേതാവ് വഹീദാ പാറേമ്മല്‍, കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ്, കേരള കോണ്‍ഗ്രസ് (ജേക്കബ്), ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കി, ഉമ്മര്‍ തണ്ടോറ, ഗിരിജ ശശി, ജോര്‍ജ് മുക്കള്ളില്‍, റെജി കോച്ചേരി, അമ്മദ് പെരിഞ്ചേരി, ബാബു കൂനന്തടം, തോമസ് ആനത്താനം, ഗിരീഷ് കോമച്ചം കണ്ടി, സിന്ധു വിജയന്‍, ബേബി മുക്കത്ത്, എബിന്‍ കുംബ്ലാനി, തങ്കച്ചന്‍ കളപ്പുര, അജിത കൃഷ്ണകുമാര്‍, സുമതി ലാല്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197991/as-part-of-shafi-parampils-election-campaign-the-udf-workers-convention-was-organized)