---
title: "തോടത്താംകണ്ടി പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; അടുത്ത പുതുവത്സര സമ്മാനമായി നാടിനു സമര്‍പ്പിക്കും "
english_title: "Thodathamkandi bridge to reality; It will be presented to Nadu as a New Year gift next year"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20025/thodathamkandi-bridge-to-reality-it-will-be-presented-to-nadu-as-a-new-year-gift-next-year"
published_at: "2022-01-09T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61db2010a8390_vvvv - Copy (3) - Copy.JPG"
keywords: []
---

# തോടത്താംകണ്ടി പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; അടുത്ത പുതുവത്സര സമ്മാനമായി നാടിനു സമര്‍പ്പിക്കും 

> **Lead Summary:** **പേരാമ്പ്ര:** തോടത്താം കണ്ടി പാലം അടുത്ത പുതുവത്സര സമ്മാനമായി നാടിനു സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്.

## Article Content

**പേരാമ്പ്ര:** തോടത്താം കണ്ടി പാലം അടുത്ത പുതുവത്സര സമ്മാനമായി നാടിനു സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്.

ചങ്ങരോത്ത് പഞ്ചായത്തിനെയും മരുതോങ്കര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കുറ്റ്യാടി പുഴക്ക് കുറുകെ നിര്‍മിക്കുന്ന തോട്ടത്താംകണ്ടി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 10 കോടി രൂപ ചെലവു വരുന്ന പാലത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തത്.

ഓപ്പണ്‍, പൈല്‍ ഫൗണ്ടേഷനോട് കൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ 26 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകളും പാലേരി ഭാഗത്ത് 12.5 മീറ്ററും മരുതോങ്കര ഭാഗത്ത് 25.525 മീറ്ററും നീളത്തില്‍ ലാന്‍ഡ് സ്പാനുകളുമടക്കം 116.025 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്.

7.5 മീറ്റര്‍ ക്യാരേജ് വേയും ഇരുവശത്തും നടപ്പാതകളുമുണ്ടാകും. ഇരു വശങ്ങളിലും കരിങ്കല്‍ പാര്‍ശ്വഭിത്തിയോടുകൂടി ബി എം ആന്‍ഡ് ബിസി ഉപരിതലമുള്ള അനുബന്ധ റോഡും നിര്‍മിക്കും

. ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം എം.എല്‍.എ. ഇ കെ.വിജയന്‍ മുഖ്യാഥിതിയായി. ജില്ലാ പ പഞ്ചായത്ത് പ്രസിഡണ്ട് ഷിജാ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, കുന്നുമ്മല്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.പി ചന്ദ്രി, മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സണ്ടത്, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, ജനപ്രധിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20025/thodathamkandi-bridge-to-reality-it-will-be-presented-to-nadu-as-a-new-year-gift-next-year)