---
title: "ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍ "
english_title: "Mysterious 'Gu' Release Announcement Poster; The film hits theaters on May 17"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201110/mysterious-gu-release-announcement-poster-the-film-hits-theaters-on-may-17"
published_at: "2024-04-25T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a2b1457e97_1_relees.JPG"
keywords: []
---

# ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍ 

> **Lead Summary:** **‍ പേരാമ്പ്ര: **ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍, ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍.

## Article Content

**‍ പേരാമ്പ്ര: **ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍, ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍.

പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയില്‍ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പില്‍ നില്‍ക്കുന്ന ഗുളികന്‍ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം.... കൗതുകമുണര്‍ത്തുന്നതും ഒപ്പം ദുരൂഹവുമായ 'ഗു' സിനിമയുടെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്.

മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന ഫാന്റസി ഹൊറര്‍ ചിത്രമായ 'ഗു' മെയ് 17നാണ് ലോകമെമ്പാടുമുള്ള തീയേറ്റുകളിലെത്തുന്നത്.

സിനിമയുടേതായിറങ്ങിയ ടൈറ്റില്‍ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും ഏറെ ചര്‍ച്ചയായിരുന്നതാണ്. അതിന് പിന്നാലെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂപ്പര്‍ ഹിറ്റ് ചിത്രം 'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടില്‍ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.

ചിത്രത്തില്‍ മിന്നയായി ദേവനന്ദ എത്തുമ്പോള്‍ സൈജു കുറുപ്പാണ് മിന്നയുടെ അച്ഛന്‍ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരന്‍ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ബി. ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. നിരഞ്ജ് മണിയന്‍ പിള്ള രാജു, മണിയന്‍ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സംഗീതം: ജോനാഥന്‍ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവന്‍, എഡിറ്റിംഗ്: വിനയന്‍ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂര്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍: ദിവ്യാ ജോബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്.മുരുകന്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ്: എന്‍ ഹരികുമാര്‍, വിഎഫ്എക്‌സ്: കൊക്കനട്ട് ബഞ്ച്, സ്റ്റില്‍സ്: രാഹുല്‍ രാജ് ആര്‍, ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201110/mysterious-gu-release-announcement-poster-the-film-hits-theaters-on-may-17)