---
title: "പ്രതിസന്ധികള്‍ ചവിട്ടുപടിയാക്കിയ വൈശാഖ് പ്രണയിനിയേയും കൈവിട്ടില്ല, എല്ലാം പ്രതിസന്ധികളെയും മറികടന്ന് പ്രണയിനിയെ ജീവിതസഖിയാക്കി "
english_title: "Vaishakh has not given up on his girlfriend, he has overcome all crises and made his girlfriend his life partner."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20173/vaishakh-has-not-given-up-on-his-girlfriend-he-has-overcome-all-crises-and-made-his-girlfriend-his-life-partner"
published_at: "2022-01-10T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc5beaa69f8_vvvv - Copy (3) - Copy.JPG"
keywords: []
---

# പ്രതിസന്ധികള്‍ ചവിട്ടുപടിയാക്കിയ വൈശാഖ് പ്രണയിനിയേയും കൈവിട്ടില്ല, എല്ലാം പ്രതിസന്ധികളെയും മറികടന്ന് പ്രണയിനിയെ ജീവിതസഖിയാക്കി 

> **Lead Summary:** **പേരാമ്പ്ര:** പ്രതിസന്ധികള്‍ ചവിട്ടുപടിയാക്കിയ വൈശാഖ് പ്രണയിനിയേയും കൈവിട്ടില്ല, എല്ലാം പ്രതിസന്ധികളെയും മറികടന്ന് പ്രണയിനിയെ തന്റെ ജീവിത സഖിയാക്കി.

## Article Content

**പേരാമ്പ്ര:** പ്രതിസന്ധികള്‍ ചവിട്ടുപടിയാക്കിയ വൈശാഖ് പ്രണയിനിയേയും കൈവിട്ടില്ല, എല്ലാം പ്രതിസന്ധികളെയും മറികടന്ന് പ്രണയിനിയെ തന്റെ ജീവിത സഖിയാക്കി.

വിധിയുടെ വിളയാട്ടത്തിനിടക്കും കാല്‍പന്ത് കളിയുടെ പുല്‍മൈതാനത്ത് നിശ്ചയദാര്‍ഡ്യത്തോടെ ചരിത്രം കുറിച്ച വൈശാഖ് ബാല്യകാല സഖിയായ തീര്‍ഥയെ എല്ലാം പ്രതിസന്ധികളെയും തരണം ചെയ്ത് തന്റെ പാതിയായി കൂടെ കൂട്ടി പുതുജീവിതത്തിനൊരുങ്ങി.

പതിമൂന്നാം വയസില്‍ ജില്ലാ ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുപ്പിനു വേണ്ടി ബൈക്കില്‍ പോവുമ്പോള്‍ ബസിടിച്ചുണ്ടായ അപകടം വൈശാഖിന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. ഫുട്‌ബോള്‍ താരമാകാന്‍ സ്വപ്‌നം കണ്ട വൈശാഖ് എന്ന പേരാമ്പ്ര കുട്ടോത്ത്കാരന് നേരിടേണ്ടി വന്ന വന്‍ ദുരന്തമായിരുന്നു അത്.

ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമാകാനുള്ള ഉള്ള സെലക്ഷന്‍ നേടാന്‍ വേണ്ടി കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പേരാമ്പ്ര കക്കാട് വച്ച് കെഎസ്ആര്‍ടിസി ബസ് വൈശാഖ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചപ്പോള്‍ പൊലിഞ്ഞത് വൈശാഖിന്റെ നിറമുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു.

കൂടെ ഉണ്ടായിരുന്ന ജേഷ്ഠനും വൈശാഖും റോഡില്‍ തെറിച്ചു വീണു. വൈശാഖിന്റെ കാലിലൂടെ ബസ് ടയര്‍ കയറി, കാല്‍ മുട്ടു മുറിക്കേണ്ടി വന്നു. എന്നാല്‍ മനോധൈര്യം വൈശാഖിനെ തളര്‍ത്തിയില്ല. വൈശാഖ് ഫുട്ബാളിനെ പ്രണയിച്ചു.

കോഴിക്കോട് ദേവഗിരി കോളെജില്‍ പഠിക്കുമ്പോള്‍ അമ്പ്യൂട്ടി ഫുട്ബോളില്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. പിന്നീട് ഇന്ത്യന്‍ ടീമിന്റെ നായകനായി ശ്രീലങ്ക, കെനിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മത്സരിച്ചു. ഫുട്‌ബോളിനെ പ്രണയിച്ച് ജീവിതത്തോടൊപ്പം ചേര്‍ത്ത ശൈാഖ് ഇന്നിതാ മറ്റൊരു പ്രതിസന്ധി കൂടെ തരണം ചെയ്തു.

വൈശാഖിന്റെ വീഴ്ച്ചയിലും തളരാതെ കൂടെ നിന്ന ബാല്യകാല സഖിയായ തീര്‍ത്ഥയെ തന്റെ ജീവിതത്തോടു ചേര്‍ത്തു. ഫുട്‌ബോളില്‍ തന്നെ താനാക്കിയ ഫാല്‍ക്കണ്‍ ക്ലബ്ബിലെ സുഹൃത്തുക്കളും ഇന്ത്യന്‍ ടീമിലെ സഹകളിക്കാരും അടങ്ങിയ സദസിനെ സാക്ഷിയാക്കിയായിരുന്നു വിവാഹ ചടങ്ങ്.

ഇപ്പോള്‍ പാലക്കാട് ആലത്തൂരില്‍ ഹോമിയോ ഫാര്‍മസിസ്റ്റായി ജോലി നോക്കിവരുന്ന വൈശാഖ് ആവള കുട്ടോത്ത് റിട്ട. അധ്യാപകന്‍ തിരുമംഗലത്ത് ശശിധരന്റെയും രജനിയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20173/vaishakh-has-not-given-up-on-his-girlfriend-he-has-overcome-all-crises-and-made-his-girlfriend-his-life-partner)