---
title: "പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും "
english_title: "Driving schools will boycott driving test in Perambra too"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202428/driving-schools-will-boycott-driving-test-in-perambra-too"
published_at: "2024-05-01T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66322a6218d1a_1_test.JPG"
keywords: []
---

# പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും 

> **Lead Summary:** **പേരാമ്പ്ര:** ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് നാളെ പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കുമെന്ന് ഡ്രൈവിംഗ് സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് നാളെ പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കുമെന്ന് ഡ്രൈവിംഗ് സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചു.

നാളെ സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിംഗ് സ്‌കൂളുകളും ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പേരാമ്പ്ര ആര്‍ടിഒക്ക് കീഴിലുള്ള ടെസ്റ്റും ബഹിഷ്‌ക്കരിക്കുന്നത്. പുതിയ സര്‍ക്കുലര്‍ പ്രാകരമാണ് ടെസ്റ്റ് നടത്തുന്നതെങ്കില്‍ സമരം കടുപ്പിക്കാനാണ് സംയുക്ത സംഘടനകളുടെ തീരുമാനം.

ബഹിഷ്‌കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കുമെന്നും ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും വ്യക്തമാക്കി. നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളാണ് സംയുക്ത സമരവും പ്രഖ്യാപിച്ചത്.

ഡ്രൈവിങ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

മെയ് രണ്ട് മുതല്‍ ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്നാണ് സിഐടിയുവിന്റെയും മറ്റു തൊഴിലാളി സംഘടനകളുടെയും നിലപാട്. പ്രതിഷേധം തണുപ്പിക്കാന്‍ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംയുക്ത സംഘടനകള്‍ മുന്നോട്ട് പോവുകയാണ്.

പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല. തുടങ്ങി മെയ് 2 മുതല്‍ വലിയ പരിഷ്‌ക്കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകള്‍ ഉണ്ടാക്കിയുമില്ല.

ട്രാക്കൊരുക്കാതെ പരിഷ്‌ക്കാരത്തെ തടയാനായിരുന്നു ഡ്രൈവിംഗ് സ്‌കൂളുകളുടെ നീക്കം. എന്നാല്‍ ചില ഇളവുകള്‍ വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണം തുടരാന്‍ മന്ത്രി ഇന്നലെ തീരുമാനിച്ചു.

പ്രതിദിന ടെസ്റ്റ് 60 ആക്കി, പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച്. ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. ഇതായിരുന്നു ഇളവുകള്‍. എന്നാല്‍, പരിഷ്‌ക്കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. പ്രതിദിനം 100 ലൈസന്‍സിന് മുകളില്‍ നല്‍കുന്ന 15 ഡ്രൈവര്‍മാര്‍ക്ക് ഇന്നലെ പരസ്യ ടെസ്റ്റ് നടത്തിയിരുന്നു.

ഡ്രൈവിംഗ് പരീക്ഷ കടുകട്ടിയാക്കിയപ്പോള്‍ കൂട്ടതോല്‍വിയായിരുന്നു ഫലം. 100 ലധികം ലൈസന്‍സ് നല്‍കിയത് മതിയായ പരിശോധനയില്ലാതെയെന്നാണ് അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202428/driving-schools-will-boycott-driving-test-in-perambra-too)