---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷ സമാപനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും "
english_title: "Perambra Higher Secondary School Annual Celebration Closing and Alumni Reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204779/perambra-higher-secondary-school-annual-celebration-closing-and-alumni-reunion"
published_at: "2024-05-12T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66406195493be_1_paup.jpg"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷ സമാപനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും 

> **Lead Summary:** **പേരാമ്പ്ര :** പതിനായിരങ്ങള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്ത് ജീവിതത്തിന്റെ വിഹായസ്സിലേക്ക് കൈപിടിച്ച് കയറ്റിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 75-ാം വാര്‍ഷികാഘോഷ സമാപനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ആരംഭിച്ചു.

## Article Content

**പേരാമ്പ്ര :** പതിനായിരങ്ങള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്ത് ജീവിതത്തിന്റെ വിഹായസ്സിലേക്ക് കൈപിടിച്ച് കയറ്റിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 75-ാം വാര്‍ഷികാഘോഷ സമാപനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ആരംഭിച്ചു.

കാലത്ത് ഹൈസ്‌ക്കൂള്‍ മൈതാനിയില്‍ ആരംഭിച്ച സ്മൃതി മധുരം എന്ന പേരില്‍ നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഓരോ വര്‍ഷങ്ങളിലായി വിദ്യാലയത്തിന്റെ പടിയിറങ്ങിയവര്‍ ഒത്തുകൂടി. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയവര്‍ പഴയ വിദ്യാര്‍ത്ഥികളായി മാറി സ്‌നേഹം പങ്കിട്ടു.

അന്ന് അറിവ് പകര്‍ന്ന അധ്യാപകരെ കാണാനും കുശലം പറയാനും ഓരോരുതരും എത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പ്രശസ്ത സിനിമ നടന്‍ മുഹമ്മദ് എരവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എ.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ മനോജ് പറമ്പത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് മുഖ്യാതിഥിയായി. ഗുരുവന്ദനം എന്ന പേരില്‍ പൂര്‍വ്വാധ്യാപകരെയും ആദ്യകാല വിദ്യാർത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. രാഗേഷ്, സി.എം. സജു, അര്‍ജുന്‍ കറ്റയാട്ട്, സ്മിന തങ്കേകണ്ടി, വിനോദ് തിരുവോത്ത്, ശ്രീലജ പുതിയേടത്ത്, യു.സി. അനീഫ, മാനേജര്‍ എ.കെ. കരുണാകരന്‍ നായര്‍, മാനേജ്‌മെന്റ്  പ്രതിനിധി രാജന്‍ മണ്ടോടി, പ്രിന്‍സിപ്പാള്‍ കെ. നിഷിത, പ്രധാനാധ്യാപകന്‍ പി. സുനില്‍ കുമാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വൈ. എം സുനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗത സംഘം ട്രഷറര്‍ ആര്‍.കെ രജീഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അറങ്ങേറും വൈകിട്ട് നടക്കുന്ന 75 ാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്രതാരം അനൂപ് ചന്ദ്രന്‍ മുഖ്യാതിഥിയാവും. ജില്ല പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി സുവനീര്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. ചടങ്ങില്‍ വിദ്യാലയത്തിന്റെ മുന്‍ മാനേജര്‍മാരായ എം.കെ. ചന്ദ്രശേഖരന്‍ നായര്‍, കെ.ടി. ബാലകൃഷ്ണന്‍ നായര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അജയ് ഗോപാല്‍ നയിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഗാനമേളയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204779/perambra-higher-secondary-school-annual-celebration-closing-and-alumni-reunion)