---
title: "അന്തര്‍ സംസ്ഥാന മോഷ്ടാവും കാപ്പ പ്രതിയുമായ ഇസ്മയില്‍ എന്ന കൂമന്‍ ഇസ്മയില്‍ പൊലീസ് പിടിയില്‍ "
english_title: "Kooman Ismail alias Ismail, an inter-state thief and Kappa suspect, has been arrested by the police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204938/kooman-ismail-alias-ismail-an-inter-state-thief-and-kappa-suspect-has-been-arrested-by-the-police"
published_at: "2024-05-13T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66418adf135d6_1_kallan.jpg"
keywords: []
---

# അന്തര്‍ സംസ്ഥാന മോഷ്ടാവും കാപ്പ പ്രതിയുമായ ഇസ്മയില്‍ എന്ന കൂമന്‍ ഇസ്മയില്‍ പൊലീസ് പിടിയില്‍ 

> **Lead Summary:** ** പേരാമ്പ്ര:** അന്തര്‍സംസ്ഥാന മോഷ്ടാവായ കൂമന്‍ ഇസ്മയില്‍ പേരാമ്പ്ര പോലീസിന്റെ പിടിയിലായി.

## Article Content

** പേരാമ്പ്ര:** അന്തര്‍സംസ്ഥാന മോഷ്ടാവായ കൂമന്‍ ഇസ്മയില്‍ പേരാമ്പ്ര പോലീസിന്റെ പിടിയിലായി.

കേരളത്തിലുടനീളം നിരവധി കേസുകളില്‍ പ്രതിയായ കണ്ണൂര്‍ ഇരിക്കൂര്‍ ദാറുല്‍ ഫലാഹ് വീട്ടില്‍ ഇസ്മയില്‍ (26) എന്ന 'കൂമന്‍' ഇസ്മയില്‍ (ഇരിക്കൂര്‍ ഇസ്മയില്‍) 01 05 24 തിയതി പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളിയൂരില്‍ എത്തുകയും മൂന്നോളം വീടുകളില്‍ കവര്‍ച്ച നടത്തുകയും ഏഴോളം വീടുകളില്‍ കവര്‍ച്ചാശ്രമം നടത്തുകയും ചെയ്തിരുന്നു.

വെള്ളിയൂര്‍ ടൗണിനടുത്ത് ഷാജി എന്നയാളുടെ വീട്ടില്‍ കളവ് നടത്തി അരപ്പവന്റെ കമ്മല്‍ മോഷ്ടിക്കുകയും മറ്റൊരു അധ്യാപകന്റെ വീട്ടില്‍ കയറി അമ്മയെ ബാത്‌റൂമില്‍ പൂട്ടിയിട്ട ശേഷം അലമാരയില്‍ സൂക്ഷിച്ച 25000 രൂപയും മൂന്നര പവനോളം സ്വര്‍ണവും മോഷ്ടിക്കുകയും മറ്റൊരു വീട്ടില്‍ നിന്നും സുമാര്‍ ഒരു പവനോളം വരുന്ന കുഞ്ഞുങ്ങളുടെ ആഭരണങ്ങള്‍ മോഷ്ടികയും ചെയ്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.

ഇതില്‍ അധ്യാപകന്റെ അമ്മയെ ഒരു മണിക്കൂറിലധികം സമയം ബാത്‌റൂമില്‍ പൂട്ടിയിടുകയായിരുന്നു.പിന്നീട് മകന്‍ വന്നു നോക്കിയപ്പോഴാണ് അമ്മയെ പൂട്ടിയിട്ടതായും കളവ് നടന്നതായും അറിഞ്ഞത്.

പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാര്‍ഡിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി കളവു നടത്തിയത് കൂമന്‍ ഇസ്മായില്‍ എന്ന ഇസ്മയില്‍ ആണെന്ന് തിരിച്ചറിയുകയും മറ്റു ജില്ലകളിലുള്‍പ്പെടെ ഇയാളെ നിരീക്ഷിച്ചുവരികയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ ഇയാള്‍ തൃശ്ശൂര്‍ സിറ്റിയില്‍ ഉണ്ടെന്നുള്ള വിവരം ലഭിക്കുകയും പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഡാന്‍സാഫ് സ്‌ക്വാഡിന്റെ സഹായത്തോടുകൂടി പ്രതിയെ അതിസാഹസികമായി കീഴടക്കി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവില്‍ മുപ്പതോളം കേസുകളുള്ള പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു.

കാപ്പ പ്രകാരം അറസ്റ്റിലായ പ്രതി മാര്‍ച്ച് മാസം തൃശൂര്‍ ഹൈടെക് ജയിലില്‍ നിന്നും പുറത്തിറങ്ങി വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. വളരെ തന്ത്രപരമായി തെളിവുകിട്ടാത്ത തരത്തില്‍ കളവു നടത്താറുള്ളയാളാണ് ഇസ്മയില്‍. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തുമ്പുണ്ടാക്കി പ്രതിയെ കസ്റ്റഡിയിലെടുത്ത് മികവ് തെളിയിച്ചിരിക്കുകയാണ് പേരാമ്പ്ര കളവു പരമ്പരകേസില്‍ പോലീസ്.

ഈയിടെ പേരാമ്പ്ര അനു കൊലക്കേസ് തെളിയിച്ച അതേ അന്വേഷണ സംഘമാണ് ഈ കേസിലും പ്രതിയെ കണ്ടെത്തി പിടികൂടിയത്.പേരാമ്പ്ര ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടിയത് കേരള പോലീസിന് തന്നെ അഭിമാനകരമായ നേട്ടമാണ്.

ഇയാള്‍ക്ക് നിലവില്‍ കോഴിക്കോട് തൃശൂര്‍ ,കൊല്ലം, പത്തനാപുരം, കായംകുളം, കുന്നംകുളം, തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ്, എസ് ഐ മാരായ ഫിറോസ്, വിനീത് കുമാര്‍, പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഒഫീസര്‍മാരായ വിനീഷ് ടി, ഷാഫി എന്‍ എം, മുനീര്‍ ഇ കെ, സിഞ്ചു ദാസ്, ജയേഷ്, രാജേഷ്, റിയാസ്, സുജില തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204938/kooman-ismail-alias-ismail-an-inter-state-thief-and-kappa-suspect-has-been-arrested-by-the-police)