---
title: "അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് മെയ് 17 ന് "
english_title: "Asset Perambra Talents Meet on 17th May"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205554/asset-perambra-talents-meet-on-17th-may"
published_at: "2024-05-16T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645a99925084_1_asets.JPG"
keywords: []
---

# അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് മെയ് 17 ന് 

> **Lead Summary:** **പേരാമ്പ്ര: **അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് 2024 മെയ് 17 വെള്ളി 2 മണി മുതല്‍ പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് 2024 മെയ് 17 വെള്ളി 2 മണി മുതല്‍ പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ- സാമൂഹിക-സാംസ്‌കാരിക പുരോഗമനം ലക്ഷ്യമാക്കി 2022 ല്‍ രൂപം കൊണ്ടിട്ടുള്ള സംഘടനയായ അസ്റ്റ് (Action for Social Security Empowerment Trust). സര്‍വതലത്തിലും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തരായ പ്രതിഭകളെ സൃഷ്ടിച്ചെടുക്കാന്‍ ആവശ്യമായ പശ്ചാത്തല സൗകര്യവും പരിശീലനവും നല്‍കുക എന്ന ദൗത്യമാണ് അസറ്റ് സ്വയം ഏറ്റെടുത്തിട്ടുള്ളത്.

അതിനു വേണ്ടി വിവിധ പരിശീലന പരിപാടികള്‍, ക്യാമ്പുകള്‍, വിദഗ്ധരുമായുള്ള ഇന്ററാക്ഷനുകള്‍, സൈറ്റ് വിസിറ്റുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങി ബഹുമുഖ പദ്ധതികളാണ് അസറ്റ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും യുഎസ്എസ് കരസ്ഥമാക്കിയവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 60 പേര്‍ക്ക് കൃത്യമായ പരിശീലനം നല്‍കി രാജ്യത്തെ ഏറ്റവും മികച്ച അക്കാദമിക് ഐക്കണുകളാക്കി മാറ്റുന്ന പദ്ധതിയായിരുന്നു കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച അസറ്റ് സ്റ്റാര്‍പ്രോജക്ട്.

റിട്ടയേഡ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നയിക്കുന്ന ഈ പദ്ധതി ഇതിനകം ഒട്ടേറെ പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കുകയുണ്ടായി. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളെല്ലാം ഇപ്പോള്‍ എസ്എസ്എല്‍സി പൂര്‍ത്തിയാക്കുകയും മുഴുവന്‍ എപ്ലസ് നേടി വിജയിക്കുകയും ചെയ്തു. അവര്‍ക്കു വേണ്ടിയുള്ള തുടര്‍പരിശീലനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

അസറ്റ് സ്റ്റാര്‍ പദ്ധതിയുടെ ഈ വര്‍ഷത്തെ പരിപാടികള്‍ 2024 മെയ് 17 വെള്ളിയാഴ്ച സമാരംഭിക്കുകയാണ്. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും യുഎസ്എസ്, എന്‍എംഎംഎസ് എന്നീ സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയവരെയും സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും അന്ന് അനുമോദിക്കും.

പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ബൗദ്ധിക മികവിന്റെ മേളമായി മാറുന്ന ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണം ഇന്റലക്ച്വല്‍ ജയന്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപിന്റെ സാന്നിധ്യമാണ്. ഉച്ചയ്ക്ക് 2 മണിക്ക് അദ്ദേഹം ടാലന്‍സ് മീറ്റിനെ അഭിസംബോധന ചെയ്യും. വിജയത്തിന്റെ ശരിയായ പാതയെക്കുറിച്ച് അതിന്റെ ബഹു തലങ്ങളെക്കുറിച്ച് അദ്ദേഹം പുതുതലമുറയോട് സംസാരിക്കും. പ്രതിഭകളെ അനുമോദിക്കുകയും അവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും.

ചടങ്ങില്‍ അസററ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിക്കും. ജി.എസ്. പ്രദീപുമായി സംവദിക്കുവാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരമുണ്ടാകും. അസറ്റ് സ്റ്റാര്‍ പദ്ധതിയുടെ ഒരു സവിശേഷത കുട്ടികള്‍ തന്നെ സെഷനുകള്‍ കൈകാര്യം ചെയ്യുന്നു എന്നതാണ്.

ടാലന്‍സ് മീറ്റിന്റെയും മുഖ്യകാര്‍മ്മികരായി അവരുണ്ടാകും. സി.എച്ച്. ഇബ്രാഹിം കുട്ടി (ചെയര്‍മാന്‍), വി.ബി. രാജേഷ് (ജന. സെക്രട്ടറി), നസീര്‍ നൊച്ചാട് ( ട്രഷറര്‍), ടി. സലിം (അക്കാദമിക് ഡയറക്ടര്‍) എന്നിവര്‍ മുഖ്യഭാരവാഹികളായ സമിതിയാണ് അസറ്റിനെ നയിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള ഈ സദുദ്യമം ഫലവത്താകണമെങ്കില്‍ അത് ജനങ്ങളിലേക്കെത്തണം. അതിനു വേണ്ടി മാധ്യമങ്ങളുടെ സര്‍വ്വാത്മനായുള്ള പിന്തുണ അഭ്യര്‍ത്ഥിക്കുകയാണെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി, ട്രഷറര്‍ നസീര്‍ നൊച്ചാട്, ചിത്ര രാജന്‍, ഒ.സി. ലീന, എം.പി.കെ അഹമ്മദ് കുട്ടി, നൗഷാദ് തൈക്കണ്ടി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205554/asset-perambra-talents-meet-on-17th-may)