---
title: "അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ തിരിച്ചെടുക്കണം; കേരള ക്ഷേത്ര സംരംക്ഷണ സമിതി "
english_title: "The alienated temple properties should be taken back; Kerala Temple Conservation Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205812/the-alienated-temple-properties-should-be-taken-back-kerala-temple-conservation-committee"
published_at: "2024-05-17T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664729d74e114_1_temble.JPG"
keywords: []
---

# അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ തിരിച്ചെടുക്കണം; കേരള ക്ഷേത്ര സംരംക്ഷണ സമിതി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം സ്വത്തുക്കള്‍ പലതും അന്യാധീനം വന്നു പോകുന്നു. കഴിഞ്ഞ കാലങ്ങളില്‍ മാത്രമല്ല ഇപ്പോഴും അത് തുടരുകയാണെന്നും അവ തിരിച്ചെടുക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖലായോഗം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം സ്വത്തുക്കള്‍ പലതും അന്യാധീനം വന്നു പോകുന്നു. കഴിഞ്ഞ കാലങ്ങളില്‍ മാത്രമല്ല ഇപ്പോഴും അത് തുടരുകയാണെന്നും അവ തിരിച്ചെടുക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖലായോഗം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട ഈ അടുത്ത കാലത്ത് രേഖയില്‍ മാറ്റം വരുത്തി സ്വകാര്യ റോഡാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ സമിതി പരാതി കൊടുത്തെങ്കിലും ട്രസ്റ്റി ബോര്‍ഡ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല  എന്നും യോഗത്തില്‍ പറഞ്ഞു.

ക്ഷേത്രത്തിന്നവകാശപ്പെട്ട നൂറ്റി രണ്ട് നമ്പര്‍ സ്വത്തുക്കളും സ്വകാര്യ വ്യക്തികളുടേതാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരം നടപടികള്‍ക്ക് ട്രസ്റ്റി ബോര്‍ഡ് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നതെന്നും 2024 ലെ ക്ഷേത്രം ഉത്സവത്തിന്റെ വരവ് ചെലവ് കണക്കുകളില്‍ അപാകതയുണ്ടെന്ന് ഉത്സവാഘോഷ പ്രാദേശിക കമ്മിറ്റി തന്നെ ആക്ഷേപമുന്നയിച്ചിട്ടുണ്ട്.

ഇതിനെല്ലാമെതിരെയായി നിയമപരവും പ്രക്ഷോഭ പരവുമായ നടപടികള്‍ സ്വീകരിക്കുവാന്‍ കേരള ക്ഷേത്ര സംരംക്ഷണ സമിതി പേരാമ്പ്ര മേഖലായോഗം തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡണ്ട് ശശിധരന്‍ തിരുവോത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ. ചന്ദ്രന്‍, സംസ്ഥാന കൗണ്‍സിലര്‍ ബാലകൃഷ്ണന്‍ ചേനോളി, താലൂക്ക് പ്രസിഡണ്ട് കെ. വത്സരാജ്, ശ്രീദേവി കറ്റയാട്ട്, കെ. പുഷ്പ, പത്മിനി ബാലന്‍, അജിതാ സുരേന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205812/the-alienated-temple-properties-should-be-taken-back-kerala-temple-conservation-committee)