---
title: "തളി മഹാ ക്ഷേത്രത്തില്‍ രണ്ടാമത് മഹാരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു"
english_title: "The second Maharudra Yajna began at the Thali Maha Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20629/the-second-maharudra-yajna-began-at-the-thali-maha-temple"
published_at: "2022-01-13T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e00ab43ffbf_0000 WATERMARK.jpg"
keywords: []
---

# തളി മഹാ ക്ഷേത്രത്തില്‍ രണ്ടാമത് മഹാരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു

> **Lead Summary:** ** കോഴിക്കോട്:** കോഴിക്കോട് തളി മഹാ ക്ഷേത്രത്തില്‍ രണ്ടാമത് മഹാരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു. ഇന്ന് മുതല്‍ 23 ാം തിയതി വരെ 11 ദിവസങ്ങളിലായാണ് യജ്ഞം നടത്തുന്നത്.

## Article Content

** കോഴിക്കോട്:** കോഴിക്കോട് തളി മഹാ ക്ഷേത്രത്തില്‍ രണ്ടാമത് മഹാരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു. ഇന്ന് മുതല്‍ 23 ാം തിയതി വരെ 11 ദിവസങ്ങളിലായാണ് യജ്ഞം നടത്തുന്നത്.

ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് രണ്ടാമത് മഹാരുദ്രയജ്ഞം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് തളി ദേവസ്വം പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായി എല്ലാദിവസവും ശ്രീരുദ്രം ജപിച്ചു ഹോമവും, അവസാന ദിവസം വിശേഷപ്പെട്ട വസോര്‍ധാരയും ഉണ്ടായിരിക്കും.

എല്ലാ ദിവസവും പതിമൂന്നോളം വേദപണ്ഡിതര്‍ പങ്കെടുക്കുന്ന വിഷ്ണു സഹസ്രനാമാര്‍ച്ചനയും ലളിത സഹസ്രനാമത്തോടെയുള്ള വിശേഷല്‍ ഭഗവതിസേവയും ഉണ്ടായിരിക്കുമെന്നും തളി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം. മനോജ് കുമാര്‍ പറഞ്ഞു. തളി ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്മയായ തളി ക്ഷേത്രസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി സംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.

മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ 22വരെ ക്ഷേത്ര പരിസരത്തെ പ്രത്യേക വേദിയില്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു.

സാമൂതിരി രാജ പേര്‍സണല്‍ സെക്രട്ടറി ടി.ആര്‍. രാമവര്‍മ്മ, സാമൂതിരി രാജ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, തളി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി.എം. മനോജ് കുമാര്‍, ക്ഷേത്ര സേവാസമിതി പ്രസിഡന്റ് പാട്ടം കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര സേവാ സമിതി സെക്രട്ടറി കെ. ശിവപ്രസാദ്, സ്റ്റാഫ് പ്രതിനിധി പ്രദീപ് കുമാര്‍ രാജ, ടി.എം. ബാലകൃഷ്ണന്‍ ഏറാടി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20629/the-second-maharudra-yajna-began-at-the-thali-maha-temple)