---
title: "മാലിന്യ പ്രശ്നം യുഡിഎഫിന് ഇരട്ടതാപ്പ്; പഞ്ചായത്ത് ഭരണ സമിതി "
english_title: "Garbage issue doubles for UDF; Panchayath Administrative Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206748/garbage-issue-doubles-for-udf-panchayath-administrative-committee"
published_at: "2024-05-21T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664cdc479c72c_1_premoth.JPG"
keywords: []
---

# മാലിന്യ പ്രശ്നം യുഡിഎഫിന് ഇരട്ടതാപ്പ്; പഞ്ചായത്ത് ഭരണ സമിതി 

> **Lead Summary:** പേരാമ്പ്ര : ഗ്രാമ പഞ്ചായത്തിലെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫിന് ഇരട്ടതാപ്പാണെന്ന് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര : ഗ്രാമ പഞ്ചായത്തിലെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫിന് ഇരട്ടതാപ്പാണെന്ന് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനതൊട്ടാകെ മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും പേരാമ്പ്രയിലും ഇതേ തരത്തില്‍ മാലിന്യ ശേഖരണത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും പ്രസിഡന്റ്  പറഞ്ഞു.

എന്നാല്‍ പേരാമ്പ്രയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി വാര്‍ഡുകളില്‍ മിനി എംസിഎഫുകളും പഞ്ചായത്തില്‍ എംസിഎഫും നിര്‍മ്മിക്കാനുള്ള നീക്കം യുഡിഎഫ് തടയുകയാണെന്നും എന്നിട്ട് ഗ്രാമപഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയുമാണ് പഞ്ചായത്തിലെ യുഡിഎഫ് നേതൃത്വം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇങ്ങനെ നിര്‍മ്മിക്കുന്ന എംസിഎഫുകളില്‍ മാലിന്യം സൂക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഇവിടെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുകയോ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുകയോ ചെയ്യുന്നില്ല. തരം തിരിച്ച പ്ലാസ്റ്റിക്കുകളില്‍ നല്ലന് പണം വാങ്ങിയും ചീത്തയായവക്ക് പണം നല്‍കിയുമാണ് ഏജന്‍സികള്‍ക്ക് ഇവ കൈമാറുന്നത്.

പേരാമ്പ്ര ചെമ്പ്ര റോഡില്‍ എംസിഎഫ് നിര്‍മ്മാണം യുഡിഎഫും വ്യാപാരികളും തടഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ സ്ഥിതി ബോധ്യപെട്ടതോടെ വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചര്‍ച്ചക്ക് ശേഷം യുഡിഎഫ് വിണ്ടും സമരവുമായി മുന്നോട്ട് പോവുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തിനെതിരെ മറ്റ് വിഷയങ്ങളൊന്നും ഉന്നയിക്കാനില്ലാത്തതിനാലാണ് യുഡിഎഫ് ഇരട്ടത്താപ്പുമായി സമരം നടത്തുന്നതെന്നും മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ യുഡിഎഫിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എംസിഎഫും മിനി എംസിഎഫുകളും നിര്‍മ്മിക്കാന്‍ സഹകരിക്കണമെന്നും പ്രസിഡന്റ്  പറഞ്ഞു.

ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മെയ് 26 ന് ഡ്രൈഡേ ആചരിക്കുമെന്നും അന്ന് പഞ്ചായത്തിലെ മുഴുവന്‍ വീടുകളും ശുചീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അറിയിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഹരിതകര്‍മ്മസേനാംഗങ്ങളുടെയും യോഗം ചേര്‍ന്നതായും അദ്ദേഹം അറിയിച്ചു.

സമീപ പഞ്ചായത്തുകളിലെല്ലാം ഡങ്കി, മഞ്ഞപിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഇതുവരെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

പകര്‍ച്ച വ്യാധികള്‍ക്ക് എതിരെ എല്ലാവരും മുന്‍കരുതല്‍ എടുക്കണം. പട്ടണത്തിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഇടമതന്നെ നീക്കം ചെയ്യണമെന്നും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ഏതെങ്കിലും കെട്ടിടത്തില്‍ വെള്ളകെട്ട് കണ്ടെത്തിയാല്‍ പിഴ അടക്കേണ്ടി വരുമെന്നും പ്രസിഡന്റ്  അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ്  കെ.എം. റീന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മിനി പൊന്‍പറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. പ്രേമന്‍, വിനോദ് തിരുവോത്ത് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206748/garbage-issue-doubles-for-udf-panchayath-administrative-committee)