---
title: "ജനപ്രതിനിധികളെ തടഞ്ഞ സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് വി.കെ. പ്രമോദ് "
english_title: "VK Pramod said that the incident of blocking the people's representatives is anti-democratic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206752/vk-pramod-said-that-the-incident-of-blocking-the-peoples-representatives-is-anti-democratic"
published_at: "2024-05-21T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ce494f294f_1_premod.JPG"
keywords: []
---

# ജനപ്രതിനിധികളെ തടഞ്ഞ സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് വി.കെ. പ്രമോദ് 

> **Lead Summary:**  പേരാമ്പ്ര: മാലിന്യ പ്രശ്നം ഉയര്‍ത്തി പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തിയപ്പോള്‍ പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയ വൈസ് പ്രസിഡന്റിനെയും സ്ഥിരം സമിതി അധ്യക്ഷയെയും ഉള്ളില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞ സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്.

## Article Content

 പേരാമ്പ്ര: മാലിന്യ പ്രശ്നം ഉയര്‍ത്തി പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തിയപ്പോള്‍ പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയ വൈസ് പ്രസിഡന്റിനെയും സ്ഥിരം സമിതി അധ്യക്ഷയെയും ഉള്ളില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞ സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്.

പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത് യുഡിഎഫിന്റെ നിലപാട് കാരണമാണ്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പല സംഘടനകളും ധര്‍ണ്ണകള്‍ നടത്താറുണ്ടെന്നും അവരൊന്നും പഞ്ചായത്ത് ഓഫീസിലേക്ക് എത്തുന്ന പൊതുജനങ്ങളെയും ജീവനക്കാരെയും ജനപ്രതിനിധികളെയും തടഞ്ഞുവെക്കാറില്ലെന്നും പ്രസിഡന്റ്  പറഞ്ഞു.

ഇന്ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡുകളില്‍ അടക്കം മിനി എംസിഎഫ് നിര്‍മിക്കുന്നത് യു ഡി എഫ് തടയുകയാണ്.

പേരാമ്പ്ര ഇന്നര്‍ മാര്‍ക്കറ്റിലെ മാലിന്യ സംഭരണ കേന്ദ്രം കത്തിയതിനു ശേഷം അവിടെ പുതിയത് നിര്‍മ്മിക്കാന്‍ അനുവദിക്കാതെ സമരം നടത്തിയവരാണ് ഇപ്പോള്‍ മാലിന്യ പ്രശ്‌നം ഉയര്‍ത്തി സമരം നടത്തുന്നത്. ഇത് യുഡിഎഫിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.

മാര്‍ച്ചിനിടെ ജനപ്രതിനിധികളെ തടഞ്ഞ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206752/vk-pramod-said-that-the-incident-of-blocking-the-peoples-representatives-is-anti-democratic)