---
title: "ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നാളെ"
english_title: "#Hasta #Charitable #Trust #perambra will be inaugurated tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207899/hasta-charitable-trust-perambra-will-be-inaugurated-tomorrow"
published_at: "2024-05-27T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66543b0f04af0_0000_ATTACH__HASTHA.JPG"
keywords: []
---

# ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നാളെ

> **Lead Summary:** ** പേരാമ്പ്ര **: പേരാമ്പ്ര ആസ്ഥാനമായി രൂപം കൊണ്ട ഹസ്ത (ഹ്യൂമണ്‍ ആക്ടിവിറ്റീസ് ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് ആന്റ് ട്രെയിനിംഗ് ഫോര്‍ ഹോളിസ്റ്റിക് അഡ്വആന്‍സ്‌മെന്റ്) ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നാളെ കാലത്തു 10 മണിക്ക് പേരാമ്പ്ര ടൗണ്‍ ഹാളില്‍ വെച്ച് നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര **: പേരാമ്പ്ര ആസ്ഥാനമായി രൂപം കൊണ്ട ഹസ്ത (ഹ്യൂമണ്‍ ആക്ടിവിറ്റീസ് ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് ആന്റ് ട്രെയിനിംഗ് ഫോര്‍ ഹോളിസ്റ്റിക് അഡ്വആന്‍സ്‌മെന്റ്) ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നാളെ കാലത്തു 10 മണിക്ക് പേരാമ്പ്ര ടൗണ്‍ ഹാളില്‍ വെച്ച് നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, രംഗത്തു സജീവ സാന്നിധ്യമായ ഒരു പറ്റം മനുഷ്യ സ്‌നേഹികളുടെ കൂട്ടായ്മയാണ് ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ്. ആലംബഹീനരായ നിരവധി മനുഷ്യരാണ് നമുക്ക് ചുറ്റും. സ്വന്തമായി അന്തിയുറങ്ങാന്‍ ഒരു കൂരപോലും ഇല്ലാത്തവര്‍, നിത്യരോഗികളായവര്‍, ഉപജീവന മാര്‍ഗം കണ്ടെത്താന്‍ കഴിയാത്തവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, ഒരു നേരത്തെ അന്നം പോലും ഉറപ്പില്ലാത്തവര്‍, ദിശാബോധമില്ലാത, മൂല്യബോധമില്ലാതെ വഴി തെറ്റുന്ന യൗവ്വനങ്ങള്‍, സാമൂഹ്യരംഗത്തെ അപചയങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനാണ് ഹസ്ത ആഗ്രഹിക്കുന്നത്.

മാനവിക വികസനം, സാമൂഹ്യ ശാക്തീകരണം, സാമൂഹ്യ നീതി, സാമൂഹ്യ സുരക്ഷ, ജീവകാരുണ്യം, പാലിയേറ്റിവ്, വിദ്യാഭ്യാസം, ബോധവത്കരണം, തൊഴില്‍, വിശപ്പ് രഹിത സമൂഹം, രാഷ്ട്രീയ അവബോധം, പരിശീലങ്ങള്‍, ശാക്തീകരണം, ആരോഗ്യം, ശുചിത്വം, പരിസ്ഥിതി, കല, സാംസ്‌കാരികം, കായികം, സാഹിത്യം, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളില്‍ ഹസ്തയുടെ സര്‍ഗാത്മകമായ ഇടപെടല്‍ ലക്ഷ്യം വെക്കുന്നു.

'ജീവിതം കൂടുതല്‍ വാസയോഗമാക്കുക' എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഈ കൂട്ടായ്മയ്ക്ക് എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ കാലത്ത് 10 മണിക്ക് പേരാമ്പ്ര ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കും.

ചടങ്ങില്‍ ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിക്കും. കെ. പ്രദീപന്‍ ട്രസ്റ്റ് പരിചയപ്പെടുത്തല്‍ നടത്തും. പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. ഹസ്ത സ്‌നേഹവീട് പദ്ധതിയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാറും, ജീവനം പദ്ധതിയുടെ ഉദ്ഘാടനം ഡോ ഹരിപ്രിയയും മെഡികെയര്‍ പദ്ധതി ഉദ്ഘാടനം ഡോ. സി.കെ. വിനോദും നിര്‍വ്വഹിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ടീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുനീര്‍ എരവത്ത്, ട്രഷറര്‍ കെ പ്രദീപന്‍, കോ. ഓഡിനേറ്റര്‍ ആര്‍.പി. രവീന്ദ്രന്‍, വി. ആലിസ് മാത്യു എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207899/hasta-charitable-trust-perambra-will-be-inaugurated-tomorrow)