---
title: "വോട്ടെണ്ണലോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പു വരുത്താന്‍ തീരുമാനങ്ങള്‍ എടുത്ത് പൊലീസ് "
english_title: "The police have taken decisions to ensure law and order regarding the counting of votes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208980/the-police-have-taken-decisions-to-ensure-law-and-order-regarding-the-counting-of-votes"
published_at: "2024-05-31T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659e226afda6_1_polo.JPG"
keywords: []
---

# വോട്ടെണ്ണലോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പു വരുത്താന്‍ തീരുമാനങ്ങള്‍ എടുത്ത് പൊലീസ് 

> **Lead Summary:** **പേരാമ്പ്ര: **ജൂണ്‍ 4 ന് നടക്കുന്ന ലോകസഭാ ഇലക്ഷന്‍ 2024 ന്റെ വോട്ടെണ്ണലോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 27.05.2004 തീയ്യതി ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കണ്ണൂര്‍ റേഞ്ച് ഓഫീസറുടെ അധ്യക്ഷതയില്‍ കോഴിക്കോട് റൂറല്‍ ജില്ലാപൊലീസ് മേധാവിയുടെ ഓഫീസില്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ ജില്ലാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കുകയും, പ്രസ്തുത യോഗത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

## Article Content

**പേരാമ്പ്ര: **ജൂണ്‍ 4 ന് നടക്കുന്ന ലോകസഭാ ഇലക്ഷന്‍ 2024 ന്റെ വോട്ടെണ്ണലോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 27.05.2004 തീയ്യതി ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കണ്ണൂര്‍ റേഞ്ച് ഓഫീസറുടെ അധ്യക്ഷതയില്‍ കോഴിക്കോട് റൂറല്‍ ജില്ലാപൊലീസ് മേധാവിയുടെ ഓഫീസില്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ ജില്ലാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കുകയും, പ്രസ്തുത യോഗത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

**തീരുമാനങ്ങള്‍ **

1. ഇലക്ഷന്‍ റിസല്‍ട്ടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ 04.06.2024 തിയ്യതി വൈകുന്നേരം 07.00 മണിക്ക് മുമ്പായി അവസാനിപ്പിക്കേണ്ടതാണ്.

2. ഇലക്ഷനുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ 30.05.2024 തിയ്യതിക്ക് മുമ്പായി അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പോലീസ് നീക്കം ചെയ്യുന്നതാണ്.

3. വാഹന പ്രകടനങ്ങള്‍ പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ കേന്ദ്രീകരിക്കേണ്ടതും മറ്റു പഞ്ചായത്ത് പരിധിയിലേക്ക് കടക്കാന്‍ പാടില്ലാത്തതുമാണ്.

4. ആഹ്ലാദ പ്രകടനങ്ങളുടെ റൂട്ട് കൃത്യമായി പോലീസിനെ അറിയിക്കേണ്ടതാണ്.

5. പ്രകടനങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതും എതിര്‍ പാര്‍ട്ടി ഓഫീസുകളുടെ മുമ്പിലോ എതിര്‍ പാര്‍ട്ടി നേതാക്കളുടെ വീടിന് മുമ്പിലോ പ്രകോപനപരമായ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലാത്തതുമാണ്.

6. ആഹ്ലാദ പ്രകടനങ്ങളില്‍ പടക്കങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.

7. രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്ലാദപ്രകടനത്തിനായ് പഞ്ചായത്ത് തലത്തില്‍ ഉത്തരവാദിത്തമുള്ള വളണ്ടിയര്‍സിനെ നിയമിക്കേണ്ടതും അവര്‍ പ്രകടനങ്ങളെ കൃത്യമായി നിയന്ത്രിക്കേണ്ടതുമാണ്.

8. എല്ലാ ആഹ്ലാദ പ്രകടനത്തോടൊപ്പവും രാഷ്ട്രീയ പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.

9. ആഹ്ലാദ പ്രകടനത്തില്‍ സ്ഥാനാര്‍ത്ഥി പങ്കെടുക്കുന്നുണ്ടെങ്കില്‍ ആയതിന്റെ വിവരം രാഷ്ട്രീയ പാര്‍ട്ടികള്‍ കൗണ്ടിംഗ് ദിവസം 12 മണിക്ക് മുമ്പായി അയാത് പോലീസ് സ്റ്റേഷനുകളിലും ഡിസ്ട്രിക്ട് സ്‌പെഷ്യല്‍ ബ്രാഞ്ചിലും അറിയിക്കേണ്ടതാണ്.

10. ലോകസഭാ മണ്ഡലത്തില്‍ വിജയിക്കുന്ന മുന്നണിയുടെ ആഹ്ലാദ പ്രകടനം 04.06.2024 തീയ്യതിയിലും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന മുന്നണിയുടെ ആഹ്ലാദപ്രകടനം അടുത്ത ദിവസങ്ങളിലുമായി നടത്തേണ്ടതാണ്.

11. ഡിജെ സെറ്റ് ഉപയോഗിച്ചുള്ള ആഹ്‌ളാദപ്രകടനങ്ങള്‍ നടത്താന്‍ പാടില്ല.

രാഷ്ടീയ പാര്‍ട്ടിയില്‍പ്പെട്ട അണികള്‍ക്ക് മേല്‍ തീരുമാനങ്ങല്‍ പാലിക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കുകയും കൂടാതെ ക്രമസമാധാനം പാര്‍ട്ടിയില്‍ ഉറപ്പുവരുത്തുന്നതിനായ്, പ്രതിനിധാനം ചെയ്യുന്ന അണികളോട് യാതൊരുവിധ അക്രമ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്നുമുള്ള നിര്‍ദ്ദേശം നല്‍കേണ്ടതാണെന്നും നേതാക്കളെ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും  അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208980/the-police-have-taken-decisions-to-ensure-law-and-order-regarding-the-counting-of-votes)