---
title: "പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളില്‍ ഈ വര്‍ഷവും ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് ഒരു കുട്ടി മാത്രം "
english_title: "In Perambra Welfare School this year too only one child got admission in first class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209608/in-perambra-welfare-school-this-year-too-only-one-child-got-admission-in-first-class"
published_at: "2024-06-03T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665db76e4e0ab_1_samb.JPG"
keywords: []
---

# പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളില്‍ ഈ വര്‍ഷവും ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് ഒരു കുട്ടി മാത്രം 

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്രയിലെ വെല്‍ഫെയര്‍ സ്‌ക്കൂളും നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി കാത്തിരുന്നു. എന്നാല്‍ ജാതി വിവേചനം നേരിട്ട പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളില്‍ ഈ വര്‍ഷവും ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് ഒരു കുട്ടി മാത്രം.

## Article Content

** പേരാമ്പ്ര :** പേരാമ്പ്രയിലെ വെല്‍ഫെയര്‍ സ്‌ക്കൂളും നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി കാത്തിരുന്നു. എന്നാല്‍ ജാതി വിവേചനം നേരിട്ട പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളില്‍ ഈ വര്‍ഷവും ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് ഒരു കുട്ടി മാത്രം.

പ്രദേശത്തെ സാംബവ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു എന്ന കാരണത്താല്‍ മറ്റ് വിഭാഗങ്ങളിലെ കുട്ടികളെ രക്ഷിതാക്കള്‍ ഇവിടേക്ക് അയക്കുന്നില്ല എന്ന കാരണത്താല്‍ ജാതി വിവേചനം സംസ്ഥാന ദേശീയ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിദ്യാലയമാണിത്.

ഇവിടേക്ക് മറ്റ് വിദ്യാര്‍ത്ഥികളെ കൂടി ആകര്‍ഷിക്കുന്നതിനായി സ്‌ക്കൂള്‍ അധികൃതരും പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ബിആര്‍സിയും പിടിഎയും ജനപ്രതിനിധികളും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ഈ വിദ്യാലയത്തില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ആകാശയാത്ര സംഘടിപ്പിക്കുകയും സമൃദ്ധം എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാലത്തും ഉച്ചക്കും വൈകിട്ടും വിഭവ സമൃദ്ധമായ ഭക്ഷണവും നല്‍കി വരുന്നു. സബ്ബ്ജില്ല പഞ്ചായത്ത് തല കലാകായിക മത്സങ്ങളില്‍ മികച്ച വിജയം കൈവരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് അധ്യാപകര്‍ പ്രത്യേക ശ്രദ്ധ നല്‍കിവരുന്നു. എന്നിട്ടും ഈ വര്‍ഷവും ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയെത്തിയത് ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ മാത്രം.

അതും സാംബവ വിഭാഗത്തില്‍ നിന്നു തന്നെ. ഈ വര്‍ഷം ഇവിടെ നേഴ്സറി ക്ലാസ് ആരംഭിച്ചിട്ടുണ്ട്. എല്‍കെജിയിലൂടെ വിദ്യാര്‍ത്ഥികളെ വിദ്യാലയത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും പിടിഎയും. എല്‍കെജിയില്‍ ഈ വര്‍ഷം മൂന്ന് വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടിയിട്ടുണ്ട്. ഈ മൂന്ന് പേര്‍ മറ്റ് വിഭാഗങ്ങളിലുള്ളവരാണെന്നത് ഇവിടെ മാറ്റത്തിന്റെ കാറ്റ് വീശുന്നതിന്റെ ലക്ഷണമാണ്.

ഒന്നാല്‍ ക്ലാസിലെ നവാഗത വിദ്യാര്‍ത്ഥിയും എല്‍കെജിയിലെ മൂന്നുപേരുമടക്കം ഇവിടെ പഠിക്കുന്നത് ആകെ 8 വിദ്യാര്‍ത്ഥികളാണ്. കെജി വിഭാഗത്തിലെ അധ്യാപിക ഉള്‍പ്പെടെ അഞ്ച് അധ്യാപകരും ഇവിടെ ജോലിചെയ്യുന്നു.

വിദ്യാലയത്തില്‍ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം സി.എം. സജു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.വി. ഷൈമലത അധ്യക്ഷത വഹിച്ചു. അധ്യാപകരായ എന്‍.സി. ആനന്ദ്, ബേബി രശ്മി എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209608/in-perambra-welfare-school-this-year-too-only-one-child-got-admission-in-first-class)