---
title: "ലോക് സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം; പടക്കങ്ങള്‍ റെഡി, ആര് പൊട്ടിക്കും?"
english_title: "Declaration of Lok Sabha election results; Firecrackers ready, who will burst them"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209637/declaration-of-lok-sabha-election-results-firecrackers-ready-who-will-burst-them"
published_at: "2024-06-03T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dd18820d59_1_padakkam.JPG"
keywords: []
---

# ലോക് സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം; പടക്കങ്ങള്‍ റെഡി, ആര് പൊട്ടിക്കും?

> **Lead Summary:** ** പേരാമ്പ്ര **: രാജ്യത്തിന്റെ ഭാഗഥേയം നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ നടക്കുമ്പോള്‍ രാജ്യമെങ്ങും ആകാംക്ഷയില്‍. കൂട്ടലും കിഴിക്കലും ഒരുമാസക്കാലമായിട്ടും നിര്‍ത്താതെ സ്ഥാനാര്‍ത്ഥികളും മുന്നണികളും. കേരളത്തില്‍ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഇരുമുന്നണികളും വിജയ പ്രതീക്ഷയില്‍.

## Article Content

** പേരാമ്പ്ര **: രാജ്യത്തിന്റെ ഭാഗഥേയം നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ നടക്കുമ്പോള്‍ രാജ്യമെങ്ങും ആകാംക്ഷയില്‍. കൂട്ടലും കിഴിക്കലും ഒരുമാസക്കാലമായിട്ടും നിര്‍ത്താതെ സ്ഥാനാര്‍ത്ഥികളും മുന്നണികളും. കേരളത്തില്‍ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഇരുമുന്നണികളും വിജയ പ്രതീക്ഷയില്‍.

ചിലയിടങ്ങളില്‍ വിജയക്കൊടി പാറിക്കാനുമെന്ന വിശ്വാസത്തില്‍ ബിജെപിയും. ജൂണ്‍ നാലിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒരുങ്ങിക്കിഞ്ഞു. റീചാര്‍ജ്ജ് ചെയ്യാതെ ഇട്ട ഡിടിഎച്ച് കേബിള്‍ കണക്ഷനുകള്‍ പലരും പുനസ്ഥാപിച്ചു.

നാലാം തിയ്യതി രാവിലെ ആവാന്‍ കാത്തു നില്‍ക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. അത്രയും വീറും വാശിയുമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പിന്. രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന പ്രധാന മണ്ഡലമാണ് വടകര. ഇവിടെ ഇരുമുന്നണികളും വിജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇരുവര്‍ക്കും അഭിമാന പോരാട്ടമായിരുന്നു.

തങ്ങളുടെ തുരുപ്പ് ചീട്ടായ ഉയര്‍ത്തിക്കാട്ടാന്‍ ഏറ്റവും നല്ല ഇമേജിന്റെ ഉടമയായ നിപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ച് പറ്റിയ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് എല്‍ഡിഎഫിന് വേണ്ടി ജനങ്ങളെ സമീപിച്ചത്.

കേരളത്തിലെ മുഴുവന്‍ സിറ്റിംഗ് എംപിമാരും അതാത് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് നേതൃത്വം അറിയിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ എം.പിയായ കെ. മുരളീധരന്റെ ബോര്‍ഡുകള്‍ വെച്ച് അണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ പൊളിറ്റിക്കല്‍ സ്ട്രൈക്കിലൂടെ സ്ഥാനാര്‍ത്ഥിയായി വന്ന യുവ നേതാവ് ഷാഫി പറമ്പിലാണ് യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ ചൂടുപിടച്ച പ്രചാരണം വിവാദങ്ങളും ഏറെ ഉണ്ടാക്കി. തൃശൂര്‍ പൂരത്തിനെ അനുസ്മരിപ്പിക്കുമാറ് ഒരു മുന്നണി നടത്തുന്ന അതേ രിതിയില്‍ മറ്റേ മുന്നണിയും പ്രചാരണ പ്രവര്‍ത്തനങ്ങളും റാലികളും റോഡ് ഷോകളും കൊണ്ട് ജനസാഹരങ്ങളായിരുന്നു ഇവിടം തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്. വീണ്ടും നാളെ അതിന്റെയൊക്കെ തനിയാവര്‍ത്തനം ഉണ്ടാകാന്‍ പോവുകയാണ്. ഒരു വ്യത്യാസം മാത്രം, ഏതെങ്കിലും ഒരു മുന്നണിയിലെ പ്രവര്‍ത്തകരേ ഉണ്ടാവൂ എന്നത്.

നാളെത്തെ ഫലത്തില്‍ വടകരയില്‍ രണ്ട് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നാളെ വിജയിച്ചാല്‍ നടത്തേണ്ട ആഹ്ളാദ പ്രകടനങ്ങള്‍ക്കും മറ്റുമുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടന്നു വരുന്നു. വിഷുവിന് മുന്‍കൂട്ടി പടക്കങ്ങള്‍ വാങ്ങി വിജയം ആഘോഷിക്കാന്‍ സൂക്ഷിച്ചവര്‍ പോലുമുണ്ട്.

വിജയം ഉറപ്പായാല്‍ പൊട്ടിക്കാമെല്ലോ, ഇല്ലെങ്കില്‍ ആരും അറിയുകയുമില്ലല്ലോ. പേരാമ്പ്ര പട്ടണത്തിലെ പടക്ക കടങ്ങള്‍ ഇന്ന് തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഇന്ന് കടകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും നാളെ ലീഡ് നില അറിയുന്നതോടെ ആവശ്യക്കാര്‍ എത്തുമെന്ന പ്രതീക്ഷയാണുള്ളതെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

ആവശ്യക്കാര്‍ക്ക് ലഭ്യത ഉറപ്പു വരുത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. നാളെ ആര് പൊട്ടിക്കും പടക്കം, തെരഞ്ഞെടുപ്പില്‍ പൊട്ടാത്തവര്‍ക്ക് പടക്കം പൊട്ടിക്കാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209637/declaration-of-lok-sabha-election-results-firecrackers-ready-who-will-burst-them)