---
title: "ചിരി മായാതെ മടങ്ങൂ ടീച്ചര്‍, കെ.കെ. ശൈലജക്ക് യാത്രാമൊഴിയേകി കെ.കെ. രമ"
english_title: "Come back smiling teacher, K.K. Shailaja Yatramozhiyeki K.K. Rama"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209816/come-back-smiling-teacher-kk-shailaja-yatramozhiyeki-kk-rama"
published_at: "2024-06-04T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ecd4a38ca8_REMA_SHYLA.JPG"
keywords: []
---

# ചിരി മായാതെ മടങ്ങൂ ടീച്ചര്‍, കെ.കെ. ശൈലജക്ക് യാത്രാമൊഴിയേകി കെ.കെ. രമ

> **Lead Summary:** ** പേരാമ്പ്ര:** വടകരയിലെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫന് അനുകൂലമാവുന്ന സാഹചര്യത്തില്‍ കെ.കെ. ശൈലജക്ക് യാത്രാമൊഴിയേകി കെ.കെ. രമ എംഎല്‍എ. ഷാഫി പറമ്പില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് രമ ഫെയ്‌സ്ബുക്കില്‍ തന്റെ പഴയ സഹപ്രവര്‍ത്തകക്ക് ഹൃദയത്തില്‍ തൊടുന്ന യാത്രയയപ്പ് നല്‍കിയത്.

## Article Content

** പേരാമ്പ്ര:** വടകരയിലെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫന് അനുകൂലമാവുന്ന സാഹചര്യത്തില്‍ കെ.കെ. ശൈലജക്ക് യാത്രാമൊഴിയേകി കെ.കെ. രമ എംഎല്‍എ. ഷാഫി പറമ്പില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് രമ ഫെയ്‌സ്ബുക്കില്‍ തന്റെ പഴയ സഹപ്രവര്‍ത്തകക്ക് ഹൃദയത്തില്‍ തൊടുന്ന യാത്രയയപ്പ് നല്‍കിയത്.

തെരഞ്ഞെടുപ്പു കാലത്ത് ഇരുമുന്നണികള്‍ക്കും നേതൃത്വം കൊടുത്ത പഴയകാലത്ത് ഒരു പാര്‍ട്ടിക്ക് വേണ്ടി പടപൊരുതിയവരാണിവര്‍. തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായ സംഭവങ്ങളെ മനസില്‍ കരുതിയാണ് രമയുടെ പോസ്റ്റ്.

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം...വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍ ഇന്നാട് ബാക്കിയുണ്ട് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

**പോസ്റ്റിന്റെ പൂര്‍ണ്ണരൂപം**  മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്... ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ മടങ്ങാവൂ??..

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്. മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്...

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം... വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍ ഇന്നാട് ബാക്കിയുണ്ട്..

സ്വന്തം, കെ.കെ.രമ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209816/come-back-smiling-teacher-kk-shailaja-yatramozhiyeki-kk-rama)