---
title: "എഴുത്തിലും പ്രതിഭ തെളിയിച്ച് മേധ ഇഷാനി "
english_title: "Medha Ishani also proved her talent in writing "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209934/medha-ishani-also-proved-her-talent-in-writing"
published_at: "2024-06-05T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665fedea652b3_1_medha.JPG"
keywords: []
---

# എഴുത്തിലും പ്രതിഭ തെളിയിച്ച് മേധ ഇഷാനി 

> **Lead Summary:** പേരാമ്പ്ര: ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളിലെ പുതിയ അദ്ധ്യയന വര്‍ഷത്തിലെ പ്രവേശനോത്സവത്തില്‍ ഒന്നാം ക്ലാസ്സുകാരിയായിരുന്ന മേധ ഇഷാനി എഴുതിയ 'എന്റെ കൂട്ടുകാര്‍ ' എന്ന കഥാസമാഹാരത്തിന്റെ പ്രകാശന കര്‍മ്മത്തിനും വേദിയായി.

## Article Content

പേരാമ്പ്ര: ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളിലെ പുതിയ അദ്ധ്യയന വര്‍ഷത്തിലെ പ്രവേശനോത്സവത്തില്‍ ഒന്നാം ക്ലാസ്സുകാരിയായിരുന്ന മേധ ഇഷാനി എഴുതിയ 'എന്റെ കൂട്ടുകാര്‍ ' എന്ന കഥാസമാഹാരത്തിന്റെ പ്രകാശന കര്‍മ്മത്തിനും വേദിയായി.

ചിത്രങ്ങള്‍ നോക്കി സ്വയം കഥകള്‍ തയ്യാറാക്കുക എന്ന ഒന്നാം ക്ലാസ്സിലെ പഠന രീതിയാണ് മേധയില്‍ ഇങ്ങനെ ഒരു കുഞ്ഞ് എഴുത്തുകാരി രൂപപ്പെട്ടത്. എഴുതി വച്ച നിരവധി കഥകളില്‍ നിന്ന് പതിനെട്ട് കഥകളാണ് സമാഹരത്തില്‍ ഉള്‍ക്കൊള്ളിച്ചത്. ഓരോ കഥയ്ക്കും യോജിച്ച ചിത്രങ്ങള്‍ വരച്ചതും മേധ ഇഷാനി തന്നെ.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പുതിയ പഠന രീതിയാണ് കുഞ്ഞുങ്ങളില്‍ ഇത്തരം കഴിവുകള്‍ക്ക് പ്രചോദനമാകുന്നതെന്ന് അവര്‍ പറഞ്ഞു.

പ്രധാന അധ്യാപകന്‍ എം. സതീശന്‍ പുസ്തകം ഏറ്റുവാങ്ങി. വാര്‍ഡ് അംഗം സുമേഷ് തിരുവോത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വല്‍സന്‍ എടക്കോടന്‍, സി. ബാലന്‍, പി.എം. വിജയന്‍, എം. സതീശന്‍, എം.കെ. ബിന്ദു എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. മേധ ഇഷാനിക്ക് സ്‌കൂള്‍ വക ഉപഹാരവും നല്‍കി.

നേരത്തെ ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്, കലാം വേള്‍ഡ് റിക്കാര്‍ഡ്, കിഡ്‌സ് ടാലന്റ് ഹണ്ട് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച മേധ ഇഷാനി കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ വച്ചു നടന്ന ജില്ലാതല ചിത്രരചനാ മത്സരത്തില്‍ ആറ് വയസ്സുവരെയുള്ളവരുടെ ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

'medhaishaani '' എന്ന പേരില്‍ ഒരു ട്യൂബ് ചാനലും ഇഷാനിക്ക് സ്വന്തമായുണ്ട്. പ്രമുഖ നാടക പ്രവര്‍ത്തകനും ആര്‍.ജെ.ഡി.നേതാവുമായ വല്‍സന്‍ എടക്കോടന്റെയും അധ്യാപിക ആയിരുന്ന നിതാ ഭരതന്റെയും ഏകമകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209934/medha-ishani-also-proved-her-talent-in-writing)