---
title: "ഷാഫിക്ക് വന്‍ സ്വീകരണമൊരുക്കി പേരാമ്പ്ര "
english_title: "Perampra prepared a grand reception for Shafi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210370/perampra-prepared-a-grand-reception-for-shafi"
published_at: "2024-06-06T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661c9138d54e_1_shafi.JPG"
keywords: []
---

# ഷാഫിക്ക് വന്‍ സ്വീകരണമൊരുക്കി പേരാമ്പ്ര 

> **Lead Summary:** പേരാമ്പ്ര: വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം. ഇന്നലെ ഉച്ചക്ക് പേരാമ്പ്രയിലെത്തിയ ഷാഫിയെ ഗസ്റ്റ് ഹൗസ് പരിസരത്ത് വെച്ച് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പട്ടണത്തിലൂടെ തുറന്ന വാഹനത്തില്‍ ചെമ്പ്ര റോഡ് ജംഗ്ഷനിലെ പൊതുയോഗ നഗരിയിലേക്ക് ആനയിച്ചു.

## Article Content

പേരാമ്പ്ര: വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം. ഇന്നലെ ഉച്ചക്ക് പേരാമ്പ്രയിലെത്തിയ ഷാഫിയെ ഗസ്റ്റ് ഹൗസ് പരിസരത്ത് വെച്ച് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പട്ടണത്തിലൂടെ തുറന്ന വാഹനത്തില്‍ ചെമ്പ്ര റോഡ് ജംഗ്ഷനിലെ പൊതുയോഗ നഗരിയിലേക്ക് ആനയിച്ചു.

ഷാഫിയെ ഒരു നോക്ക് കാണാനും അഭിവാദ്യമര്‍പ്പിക്കാനും റോഡിനിരുവശവും നൂറുകണക്കിന് ആളുകള്‍ അണിനിരന്നിരുന്നു. മഴമാറി തെളിഞ്ഞ കാലാവസ്ഥയില്‍ പൊരിവെയിലത്ത് കൈക്കുഞ്ഞുങ്ങളുമായി പോലും സ്ത്രീകളും കുട്ടികളുമടക്കം കാത്തു നിന്നിരുന്നു. 12 മണിയ്ക്ക് ആരംഭിച്ച റോഡ് ഷോ സ്വീകരണം ചെമ്പ്ര റോഡിന് സമീപത്തെ നഗരിയിലെത്താന്‍ മണിക്കൂറുകള്‍ എടുത്തിരുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രായഭേദമന്യേ എല്ലാവരും പ്രിയ നേതാവിനൊപ്പം സെല്‍ഫിയെടുക്കാനുള്ള തിക്കും തിരക്കുമായിരുന്നു. സ്വീകരണ യോഗം ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇത് ജനങ്ങള്‍ നയിച്ച തെരഞ്ഞടുപ്പാണന്നും ജനങ്ങള്‍ നല്‍കിയ വിജയമാണന്നും ഈ വിജയത്തിന്റെ നേരവകാശികള്‍ നിങ്ങളാണന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അത്യുജ്ജ്വലമായ, ഒരുപാട് ദുരാരോപണങ്ങളെ അതിജീവിച്ച വിജയമാണെന്നും വിഭാഗീയ പ്രവണതകള്‍ക്ക് അന്ത്യം കുറിച്ച വിജയമാണെന്നും വര്‍ഗ്ഗീയ പ്രവണതകളെ തൂത്തെറിഞ്ഞ വിജയം, ആ വിജയം വടകരയിലെ ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാന്‍ ഞാന്‍ വിനയത്തോടെ ഈ അവസരമുപയോഗിക്കുകയാന്നെന്ന് വോട്ടര്‍മാരോട് ഷാഫി പറഞ്ഞു.

സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്ത വോട്ടുകള്‍ കൊണ്ടാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതെന്നും വടകരയിലെ ജനങ്ങളോടുള്ള നന്ദി വാക്കില്‍ ഒതുക്കുന്നില്ലെന്നും പ്രവര്‍ത്തിയൂടെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഭൂരിപക്ഷമായ 1,14, 508 വൃക്ഷതൈകള്‍ ഘട്ടംഘട്ടമായി വടകരയുടെ വിവിധ ഭാഗങ്ങളില്‍ നട്ട് പരിപാലിച്ച് വളര്‍ത്തുമെന്നും ഷാഫി പറഞ്ഞു. കെ. മുരളീധരന് വടകരക്കാരുടെ സ്നേഹവും പിന്തുണയും എന്നും ഉണ്ടാവുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കൂടെ ഉണ്ടാവുമെന്ന വിശ്വാസവും അദ്ദേഹത്തിനുള്ള നന്ദിയും ഷാഫി വടകരക്കാര്‍ക്ക് വേണ്ടി അറിയിച്ചു.

നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ ആര്‍.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. വടകര പാര്‍ലിമെന്റ് മണ്ഡലം തെരഞ്ഞടുപ്പു കമ്മറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ള, കണ്‍വീനര്‍മാരായ എന്‍.വേണു, കെ.ബാല നാരായണന്‍, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജീവ് തോമസ്, ജെഎസ്എസ് സംസ്ഥാന സെക്രട്ടറി കെ.എം സുരേഷ് ബാബു, കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, എസ്.പി. കുഞ്ഞമ്മദ്, സി.പി.എ അസീസ്, രാജന്‍ മരുതേരി, സി.എച്ച്. ഇബ്രാഹിംകുട്ടി, മനോജ് ആവള, ടി.കെ. ലത്തീഫ്, ടി.പി ചന്ദ്രന്‍, കെ.കെ വിനോദന്‍, പി.കെ. രാഗേഷ്, കെ.മധു കൃഷ്ണന്‍, ടി.കെ ഇബ്രാഹിം, കെ.പി. രാമചന്ദ്രന്‍, പുതുക്കുടി അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഇ. അശോകന്‍ സ്വാഗതവും ട്രഷറര്‍ കെ.എ ജോസുകുട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210370/perampra-prepared-a-grand-reception-for-shafi)