---
title: "പേരാമ്പ്രയിലെ മാലിന്യപ്രശ്‌നം ഉപരോധസമരവുമായി യുഡിഎഫ് "
english_title: "Garbage problem in Perambra UDF with blockade strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210549/garbage-problem-in-perambra-udf-with-blockade-strike"
published_at: "2024-06-07T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662ccfa7c91a_1_aupa.JPG"
keywords: []
---

# പേരാമ്പ്രയിലെ മാലിന്യപ്രശ്‌നം ഉപരോധസമരവുമായി യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ മാലിന്യപ്രശ്‌നം ഉപരോധസമരവുമായി യുഡിഎഫ്. പകര്‍ച്ചവ്യാധികളും മഴക്കാല രോഗങ്ങളും പടര്‍ന്ന് പിടിക്കുമ്പോഴും പേരാമ്പ്ര ടൗണില്‍ മാലിന്യങ്ങള്‍ കുന്നുകൂടികിടക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഉപരോധസമരം നടത്തിയത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ മാലിന്യപ്രശ്‌നം ഉപരോധസമരവുമായി യുഡിഎഫ്. പകര്‍ച്ചവ്യാധികളും മഴക്കാല രോഗങ്ങളും പടര്‍ന്ന് പിടിക്കുമ്പോഴും പേരാമ്പ്ര ടൗണില്‍ മാലിന്യങ്ങള്‍ കുന്നുകൂടികിടക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഉപരോധസമരം നടത്തിയത്.

മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുവാനുള്ള തീരുമാനം യുഡിഎഫ് എടുത്തതെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. നിഷാന്ത് ഉറപ്പു നല്‍കി. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ സമര പരിപാടികള്‍ അവസാനിപ്പിച്ചു.

ശനിയാഴ്ച പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

രാജന്‍ മരുതേരി, കെ.പി. റസാക്ക്, ടി.പി. മുഹമ്മദ്, കെ.സി. രവീന്ദ്രന്‍, പി.എസ് സുനില്‍കുമാര്‍, ആര്‍.കെ. മുഹമ്മദ്, ബാബു തത്തക്കാടന്‍, വാസു വേങ്ങേരി, കെ.സി മുഹമ്മദ്, സി.കെ ആഫിസ്, പി.കെ. റഹീം എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210549/garbage-problem-in-perambra-udf-with-blockade-strike)