---
title: "പേരാമ്പ്രയിലെ എംസിഎഫിലേക്ക് മാര്‍ച്ച് നടത്തി ഹരിത കര്‍മ്മസേനാംഗങ്ങള്‍ എംസിഎഫില്‍ മാലിന്യമിറക്കി"
english_title: "Green workers marched to MCF in Perambra and cleared garbage at MCF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211166/green-workers-marched-to-mcf-in-perambra-and-cleared-garbage-at-mcf"
published_at: "2024-06-10T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666b288497a5_1_mali4.JPG"
keywords: []
---

# പേരാമ്പ്രയിലെ എംസിഎഫിലേക്ക് മാര്‍ച്ച് നടത്തി ഹരിത കര്‍മ്മസേനാംഗങ്ങള്‍ എംസിഎഫില്‍ മാലിന്യമിറക്കി

> **Lead Summary:** ** പേരാമ്പ്ര **: പേരാമ്പ്രയിലെ എംസിഎഫ് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിത കര്‍മ്മ സേന (സിഐടിയു) പേരാമ്പ്ര ഏരിയ കമ്മിറ്റി എംസിഎഫിലേക്ക് മാര്‍ച്ച് നടത്തുകയും ശേഖരിച്ച മാലിന്യങ്ങള്‍ എംസിഎഫില്‍ ഇറക്കുകകയും ചെയ്തു.

## Article Content

** പേരാമ്പ്ര **: പേരാമ്പ്രയിലെ എംസിഎഫ് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിത കര്‍മ്മ സേന (സിഐടിയു) പേരാമ്പ്ര ഏരിയ കമ്മിറ്റി എംസിഎഫിലേക്ക് മാര്‍ച്ച് നടത്തുകയും ശേഖരിച്ച മാലിന്യങ്ങള്‍ എംസിഎഫില്‍ ഇറക്കുകകയും ചെയ്തു.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എംസിഎഫ് പ്രവര്‍ത്തിച്ചിരുന്നത് ടൗണില്‍ ഇന്നര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന സ്ഥലത്താണ്. ഇവിടെ താല്ക്കാലികമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സൂക്ഷിച്ച മാലിന്യത്തിന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 13 ന് തീപിടുത്തമുണ്ടായി. ഇതിനെ തുടര്‍ന്ന് ഹരിത കര്‍മ്മസേനാംഗങ്ങള്‍ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതായി.

പഞ്ചായത്തിന്റെ മറ്റ് പലഭാഗങ്ങളിലും എംസിഎഫുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം വ്യാപാരികളുടെയും പ്രതിപക്ഷകാക്ഷികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഇല്ലാതായി. മാലിന്യങ്ങള്‍ സംരക്ഷിക്കാന്‍ സ്ഥലമില്ലാതായതോടെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കേണ്ട അവസ്ഥയായി. ഇതിനെതിരെ പ്രതിഷേധവുമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഹരിത കര്‍മ്മസേനാംഗങ്ങള്‍ ഇന്നര്‍മാര്‍ക്കറ്റിലെ പഴയ എംസിഎഫില്‍ തന്നെ മാലിന്യങ്ങള്‍ സൂഷിക്കാന്‍ തീരുമാനിച്ചത്.

ഇവിടെ മാലിന്യം വീണ്ടും സൂക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഹരിത കര്‍മ്മ സേന (സിഐടിയു) പേരാമ്പ്ര ഏരിയ കമ്മിറ്റി എംസിഎഫിലേക്ക് മാര്‍ച്ചും ശേഖരിച്ച മാലിന്യങ്ങള്‍ എംസിഎഫില്‍ ഇറക്കുമെന്നും പ്രഖ്യാപിച്ചത്.

മാലിന്യം ഇറക്കുന്നത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടയുമെന്ന പ്രചരണം വന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പിക്കപ്പ് ജീപ്പില്‍ മാലിന്യവുമായി പ്രകടനമായി എത്തിയ ഹരിത കര്‍മ്മസേനാംഗങ്ങള്‍ എംസിഎഫില്‍ പ്രവേശിക്കുകയും മാലിന്യം ഇറക്കുകയും ചെയ്തു.

മാര്‍ച്ച് സിപിഐ (എം) എരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേന (സിഐടിയു) പേരാമ്പ്ര ഏരിയ കമ്മിറ്റി പ്രസിഡന്റ്  ടി.കെ. ജോഷിബ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ടി.കെ. ലോഹിതാക്ഷന്‍, മനോജ് പരാണ്ടി, ഇ.എസ്. സജിത എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ചിന് നിഷിത രാജന്‍, ഷീജ നൊച്ചാട്, റീജ മേപ്പയ്യൂര്‍, സീന ചെറുവണ്ണൂര്‍, സുജാത ചങ്ങരോത്ത്, സജിത കൂത്താളി, മോളി മേപ്പയ്യൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211166/green-workers-marched-to-mcf-in-perambra-and-cleared-garbage-at-mcf)