---
title: "പേരാമ്പ്ര റൈസ് വിപണിയിലിറങ്ങി "
english_title: "Perambra rice has entered the market"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211600/perambra-rice-has-entered-the-market"
published_at: "2024-06-12T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669338dd1d98_1_avk.JPG"
keywords: []
---

# പേരാമ്പ്ര റൈസ് വിപണിയിലിറങ്ങി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും പേരാമ്പ്ര കൃഷിഭവന്റെയും മേല്‍നോട്ടത്തില്‍ കേരളത്തില്‍ തന്നെ ആദ്യമായി നടപ്പാക്കിയ പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതിയിലൂടെ അനശ്വര സംഘം വിളയിച്ചെടുത്ത രക്തശാലി നെല്ല് പേരാമ്പ്ര റൈസ് എന്ന ബ്രാന്‍ഡില്‍ വിപണിയിലേക്കിറങ്ങി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും പേരാമ്പ്ര കൃഷിഭവന്റെയും മേല്‍നോട്ടത്തില്‍ കേരളത്തില്‍ തന്നെ ആദ്യമായി നടപ്പാക്കിയ പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതിയിലൂടെ അനശ്വര സംഘം വിളയിച്ചെടുത്ത രക്തശാലി നെല്ല് പേരാമ്പ്ര റൈസ് എന്ന ബ്രാന്‍ഡില്‍ വിപണിയിലേക്കിറങ്ങി.

കേരളത്തില്‍ നിന്നും അന്യം നിന്ന് പോകുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിക്കാനും പരമാവധി ലാഭം കര്‍ഷകരില്‍ തന്നെ എത്തിക്കാനും ലക്ഷ്യം വെച്ചുള്ള പദ്ധതിയാണിത്.

ഇതിനുപരി പഞ്ചായത്ത് പരിധിയില്‍ ഉത്പാധിപ്പിക്കുന്ന മുഴുവന്‍ നെല്ലും പേരാമ്പ്ര റൈസ് എന്ന ബ്രാന്‍ഡില്‍ വിപണിയിലേക്കിറക്കാനാണ് ഭരണസമിതി ലക്ഷ്യം വെക്കുന്നത്.

പേരാമ്പ്ര റൈസിന്റെ ആദ്യ വില്പന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. ചടങ്ങിന് സ്ഥിരം സമിതി അധ്യക്ഷ ശ്രീലജ പുതിയെടുത്ത് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷ മിനി പൊന്‍പറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. പ്രേമന്‍, പി. ജോന, കെ.കെ അമ്പിളി, കാര്‍ഷിക വികസന സമിതി അംഗങ്ങളായ സി.കെ. അശോകന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപാറ, സംഘം പ്രതിനിധി പത്മജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചടങ്ങിന് കൃഷി ഓഫീസര്‍ നിസാം അലി സ്വാഗതവും അനശ്വര സംഘം പ്രസിഡന്റ്  രാജന്‍. കെ. ഐശ്വര്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211600/perambra-rice-has-entered-the-market)