---
title: "രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക "
english_title: "Priyanka to make a mark in Wayanad where Rahul is vacating"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212793/priyanka-to-make-a-mark-in-wayanad-where-rahul-is-vacating"
published_at: "2024-06-17T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66704b8a77081_1_sony.JPG"
keywords: []
---

# രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക 

> **Lead Summary:** **ന്യൂഡല്‍ഹി:** രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക എത്തുന്നു. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിര്‍ത്താനാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് തീരുമാനം അറിയിച്ചത്.

## Article Content

**ന്യൂഡല്‍ഹി:** രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക എത്തുന്നു. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിര്‍ത്താനാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് തീരുമാനം അറിയിച്ചത്.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിര്‍ത്തിയ റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ രാഹുല്‍ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാര്‍ഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്.

വയനാട്ടില്‍ 3.64 ലക്ഷം വോട്ടിനാണ് രാഹുല്‍ വിജയിച്ചത്. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തുമായി.

വയനാട്ടിലെ വോട്ടര്‍മാര്‍ക്കു നന്ദി പറയാനായി കഴിഞ്ഞയാഴ്ച വയനാട്ടില്‍ എത്തിയ രാഹുല്‍, മണ്ഡലം ഒഴിയുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തുകയായിരുന്നു. എടവണ്ണയിലും കല്‍പറ്റയിലും നടന്ന പൊതുയോഗങ്ങളിലൊന്നും ഏതു മണ്ഡലമാകും നിലനിര്‍ത്തുകയെന്നു വ്യക്തമാക്കിയില്ല. എന്തു തീരുമാനമെടുത്താലും വയനാടിനും റായ്ബറേലിക്കും സന്തോഷത്തോടെ സ്വീകരിക്കാനാകുമെന്നാണു രാഹുല്‍ ഗാന്ധി പറഞ്ഞത്.

''വയനാടോ റായ്ബറേലിയോ എന്ന് പല ആളുകളും ഊഹാപോഹം നടത്തുകയാണ്. എനിക്കൊഴികെ എല്ലാവര്‍ക്കും അതിന്റെ ഉത്തരമറിയാം. രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും എല്ലാമറിയാം. എന്നാല്‍, ആ തീരുമാനം എടുക്കേണ്ടയാള്‍ മാത്രം അത് അറിയണമെന്നില്ല''- രാഹുല്‍ ഗാന്ധി കല്‍പറ്റയിലെ പൊതുയോഗത്തില്‍ പറഞ്ഞു.

കുടുംബാംഗത്തെപ്പോലെ പരിഗണിച്ചതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നതിനും വയനാട്ടിലെ ഓരോ വോട്ടര്‍മാരോടും രാഹുല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212793/priyanka-to-make-a-mark-in-wayanad-where-rahul-is-vacating)