---
title: "നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് രാജിവെച്ചു"
english_title: "Nadapuram Panchayath Vice President Akhila Maryat has resigned"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213247/nadapuram-panchayath-vice-president-akhila-maryat-has-resigned"
published_at: "2024-06-19T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672caa9a89da_Untitled-1_copy.JPG"
keywords: []
---

# നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് രാജിവെച്ചു

> **Lead Summary:** ** നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് രാജിവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് പാര്‍ട്ടിക്ക് കൈമാറി.

## Article Content

** നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് രാജിവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് പാര്‍ട്ടിക്ക് കൈമാറി.

തനിക്ക് നേരെ വന്നത് വ്യാജ ആരോപണമാണ്. എന്നാല്‍ ധാര്‍മികതയുടെ പേരില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് അഖില മര്യാട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  കെ പ്രവീണ്‍ കുമാറിനെ അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് ഡിസിസി പ്രസിഡന്റിന് കൈമാറി.

തനിക്ക് നേരെ വന്ന ആരോപണം വ്യാജമാണെന്നും ചിലര്‍ തന്നെ വേട്ടയാടുകയാണ്. വിഷയം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കണം. തന്റെ നിരപരാധിത്വം പൊതു സമൂഹത്തെ ബോധ്യമാക്കണമെന്നും പ്രസ്തുത സംഭവത്തെക്കുറിച്ച് പാര്‍ട്ടി തല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അഖില കത്തിലൂടെ ആവശ്യപ്പെട്ടു.

ആരോപണം ഉയര്‍ന്നുവന്ന അവസരത്തില്‍ തന്നെ നിജസ്ഥിതി പുറത്തുകൊണ്ടു വരുന്നതിനു വേണ്ടി താന്‍ വടകര റൂറല്‍ എസ്പിക്ക് പരാതി കൊടുത്തിരുന്നുവെന്നും എന്നാല്‍ പൊലീസ് ഇതുവരെയും യാതൊരുവിധ നടപടികളും എടുത്തില്ല എന്നും അവര്‍ പറഞ്ഞു.

പ്രസ്തുത പരാതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും തന്നെ വേട്ടയാടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ പാര്‍ട്ടിയുടെ കൂടെ നിന്ന് പോരാടുമെന്നും അഖില ജില്ലാ നേതൃത്വത്തെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213247/nadapuram-panchayath-vice-president-akhila-maryat-has-resigned)