---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ദേശീയ വായനാവാരാഘോഷത്തിന് തുടക്കമായി"
english_title: "National Reading Week celebrations have begun at Olive Public School perambra "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213443/national-reading-week-celebrations-have-begun-at-olive-public-school-perambra"
published_at: "2024-06-20T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673d9e683ffd_200624_1.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ദേശീയ വായനാവാരാഘോഷത്തിന് തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ദേശീയ വായനാവാരാഘോഷത്തിന് തുടക്കമായി. ഒരാഴ്ച കാലം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയില്‍ കുട്ടികളുടെ വായനാശീലം വര്‍ധിപ്പിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമായി വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ദേശീയ വായനാവാരാഘോഷത്തിന് തുടക്കമായി. ഒരാഴ്ച കാലം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയില്‍ കുട്ടികളുടെ വായനാശീലം വര്‍ധിപ്പിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമായി വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നു.

വാരാഘോഷത്തിന്റെ അവസാന ദിനം നഴ്‌സറി മുതലുള്ള വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കായി 'അമ്മ വായന' എന്നൊരു മത്സര പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനം ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും, 2019 വനമിത്ര അവാര്‍ഡ് ജേതാവും, സംസ്ഥാനതല ഇംഗ്ലീഷ് ടീച്ചേഴസ് റിസോഴ്‌സ് പേഴ്‌സണും സാഹിത്യകാരനും , സാമൂഹ്യ പ്രവര്‍ത്തകനുമായ വടയക്കണ്ടി നാരായണന്‍ നിര്‍വ്വഹിച്ചു. ഒരു മനുഷ്യനെ ഉത്തമ മനുഷ്യനാക്കി തീര്‍ക്കുന്നത് വിദ്യയാണെന്നും വിദ്യയാണ് ഏറ്റവും വലിയ സമ്പത്തെന്നും, മറ്റ് സമ്പത്തുകളില്‍ നിന്ന് വ്യത്യസ്തമായി മറ്റുള്ളവര്‍ക്ക് പകരുന്തോറും നമ്മുടെ അറിവ് വര്‍ധിക്കുമെന്നും നവീന യുഗത്തില്‍ പട്ടിണി മാറ്റാനുള്ള ഏറ്റവും വലിയ ആയുധം അറിവുനേടലാണെന്നും അത് നേടാന്‍ വായന അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ.കെ. നഫീസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എ. അബ്ദുറഹ്‌മാന്‍, അക്കാദമിക് കോര്‍ഡിനേറ്റര്‍ പി.സി. ബിനീഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് അധ്യാപകരായ മിനി ചന്ദ്രന്‍, രജില കാപ്പുമ്മല്‍, ഇ. രമ, ഹബീബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213443/national-reading-week-celebrations-have-begun-at-olive-public-school-perambra)