---
title: "മമ്പാട്ടില്‍ താഴ റെഗുലേറ്റഡ് കം ബ്രിഡ്ജ് അപകടത്തില്‍ "
english_title: "Regulated cum bridge below Mambat in danger"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21495/regulated-cum-bridge-below-mambat-in-danger"
published_at: "2022-01-18T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6c84b8268b_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മമ്പാട്ടില്‍ താഴ റെഗുലേറ്റഡ് കം ബ്രിഡ്ജ് അപകടത്തില്‍ 

> **Lead Summary:** **പേരാമ്പ്ര : **ചെമ്പ്ര പുഴക്ക് കുറുകെ കൂത്താളി ഗ്രാമപഞ്ചായത്തിലെ മമ്പാട്ടില്‍ താഴ നിര്‍മ്മിച്ച റെഗുലേറ്റഡ് കം ബ്രിഡ്ജ് അപകടാവസ്ഥയില്‍.

## Article Content

**പേരാമ്പ്ര : **ചെമ്പ്ര പുഴക്ക് കുറുകെ കൂത്താളി ഗ്രാമപഞ്ചായത്തിലെ മമ്പാട്ടില്‍ താഴ നിര്‍മ്മിച്ച റെഗുലേറ്റഡ് കം ബ്രിഡ്ജ് അപകടാവസ്ഥയില്‍.

റെഗുലേറ്റഡ് കം ബ്രിഡ്ജില്‍ ഷര്‍ട്ടറിന് വേണ്ടി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബീം അപകടാവസ്ഥയിലായത് നാടിനും പുഴയുടെ ഇരു കരകളില്‍ താമസിക്കുന്നവര്‍ക്കും ഭീഷണിയാവുന്നു.

പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഏറെ പരിഹാരമായി മാറിയ പദ്ധതിയാണ് ഇപ്പോള്‍ നാടിന് ഭീഷണിയുയര്‍ത്തുന്നത്. രണ്ട് വര്‍ഷം മുമ്പ് ബീമിന് തകരാറുള്ളതായി കണ്ടതായും അധികൃതരെ വിവമറിയിച്ചതായും നാട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ ഇന്ന് ഉച്ചയോടെയാണ് ഇത് കൂടുതല്‍ വിള്ളലുള്ള നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഗ്രാമപഞ്ചായത്ത് അധികൃതരെയും ചെറുകിട ജലസേചന വിഭാഗത്തെയും വിവരമറിയിക്കുകയും ചെയ്തു.

ഏഴ് വര്‍ഷം മുമ്പാണ് ഇവിടെ നബാര്‍ഡ് ഫണ്ട് 1.87 കോടി രൂപ ചെലവഴിച്ച് പാലം നിര്‍മ്മിക്കുന്നത്. മമ്പാട്ടില്‍ താഴ മുതല്‍ അമ്പായപ്പാറ പാലം വരെ നാല് കിലോമീറ്ററോളം നീളത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

ബീം തകരുകയാണെങ്കില്‍ പാലത്തിന് ബലക്ഷയം സംഭവിക്കുകയും പുഴയില്‍ കുളിക്കുകയും അലക്കുകയും ചെയ്യുന്നവര്‍ക്ക് ജീവഹാനിക്കും പുഴയുടെ തീരങ്ങള്‍ വെള്ളത്തിന്റെ ശക്തിയില്‍ തകരാനും കാരണമാവും.

ഗ്രാമപഞ്ചായത്ത് അംഗം ടി. രാജശ്രീ റെഗുലേറ്റഡ് കം ബ്രിഡ്ജ് സന്ദര്‍ശിച്ചു. അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വെള്ളം തുറന്ന് വിടാനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായും അവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21495/regulated-cum-bridge-below-mambat-in-danger)