---
title: "സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 7 ന് "
english_title: "Inauguration of the new building of Silver College of Arts and Science on July 7 at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217220/inauguration-of-the-new-building-of-silver-college-of-arts-and-science-on-july-7-at-perambra"
published_at: "2024-07-04T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668645426a9d7_sil.jpg"
keywords: []
---

# സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 7 ന് 

> **Lead Summary:** **പേരാമ്പ്ര:** ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പ്രതീക്ഷകളുണര്‍ത്തിയ സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 7 ന് നടക്കുമെന്ന് കോളെജ് അധികൃതര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പ്രതീക്ഷകളുണര്‍ത്തിയ സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 7 ന് നടക്കുമെന്ന് കോളെജ് അധികൃതര്‍ അറിയിച്ചു.

സില്‍വര്‍ ക്യാമ്പസില്‍ പണിതീര്‍ത്തിട്ടുള്ള വിശാലമായ പുതിയ കെട്ടിടത്തില്‍ വിവിധ ലബോറട്ടറികള്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍ എന്നിങ്ങനെ വിവിധ സൗകര്യങ്ങളാല്‍ സുസജ്ജമാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പ്രതീക്ഷകളുമായി 2010 ലാണ് സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

പേരാമ്പ്രക്ക് അല്പം പോലും പരിചിതമല്ലാതിരുന്ന ഏറ്റവും നവീനമായ കോഴ്‌സുകളാണ് അന്ന് സില്‍വറില്‍ ആരംഭിച്ചത്. ഏറെ തൊഴില്‍ സാധ്യതകള്‍ പ്രധാനം ചെയ്യുന്ന ഫുഡ് ടെക്‌നോളജി, സൈക്കോളജി, ബിസിഎ, ബിഎസ് സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകള്‍ പേരാമ്പ്രയുടെ വിദ്യാഭ്യാസ മുഖച്ഛായ മാറ്റി.

പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കാന്‍ ഈ കോഴ്‌സുകള്‍ സഹായിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ ബിഎസ് സി ഫുഡ് ടെക്‌നോളജി, സൈക്കോളജി എന്നീ കോഴ്‌സുകള്‍ ആരംഭിക്കുന്ന രണ്ടാമത്തെ കോളേജ് ആയിരുന്നു സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. മികച്ച റിസള്‍ട്ടും യൂണിവേഴ്‌സിറ്റി റാങ്കുകളും സില്‍വറിന്റെ കുതിപ്പ് വര്‍ധിപ്പിച്ചു.

തുടര്‍ന്ന് ഓരോ വര്‍ഷവും പുതിയ കോഴ്‌സുള്‍ ആരംഭിച്ച് സില്‍വര്‍ ഇപ്പോള്‍ 9 ബിരുദ പ്രോഗ്രാമുകളും മൂന്ന് ബിരുദാനന്തര പ്രോഗ്രാമുകളുമായി പേരാമ്പ്രയിലെ മികച്ച ഉന്നത വിദ്യാഭ്യാസ കലാലയമായി മാറിക്കഴിഞ്ഞു.

പേരാമ്പ്രയുടെ വിദ്യാഭ്യാസ വികസനം സ്വപ്നം കണ്ട പേരാമ്പ്രയിലെയും പരിസരപ്രദേശത്തെയും ഏതാനും പ്രവാസികളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് 2009 ല്‍ രൂപം കൊടുത്ത കര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്രയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ ഒരു ഏടാണ് എഴുതി ചേര്‍ത്തത്.

പേരാമ്പ്രയുടെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തില്‍ സില്‍വര്‍ അതിന്റെ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചു മുന്നോട്ടു കുതിക്കുകയാണ്. പുതിയ കെട്ടിടം ജൂലൈ 7 ന് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വടകര എംപി ഷാഫി പറമ്പില്‍ മുഖ്യാതിഥിയാവും.

കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്ഫുഡ് ടെക്‌നോളജി ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീജ ശശി മുഖ്യാതിഥിയാവും.

സിവില്‍ സര്‍വ്വീസ് വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം നജീബ് കാന്തപുരം എംഎല്‍എയും മെറിറ്റ് അവാര്‍ഡ് വിതരണം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദും നിര്‍വ്വഹിക്കും.

രാഷ്ട്രിയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കുമെന്ന് കോളെജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. തറുവയ് ഹാജി, പ്രിന്‍സിപ്പാള്‍ ഡോ. സി. വിനോദ് കുമാര്‍, ട്രസ്റ്റ് അംഗങ്ങളായ ടി.പി. അബ്ദുള്‍ മജീദ്, ടി.പി. അബ്ദുറഹ്‌മാന്‍, സ്റ്റാഫ് സെക്രട്ടറി ടി. ഷിജു കുമാര്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217220/inauguration-of-the-new-building-of-silver-college-of-arts-and-science-on-july-7-at-perambra)