---
title: "ദുരിതവും ദുര്‍ഗന്ധവും രോഗഭീതിയും നിറഞ്ഞ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ്"
english_title: "Deplorable conditions in the fish market; In protest, the fish workers will march and dharna to the village panchayat tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218532/deplorable-conditions-in-the-fish-market-in-protest-the-fish-workers-will-march-and-dharna-to-the-village-panchayat-tomorrow"
published_at: "2024-07-09T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ce20fdf38e_market.jpg"
keywords: []
---

# ദുരിതവും ദുര്‍ഗന്ധവും രോഗഭീതിയും നിറഞ്ഞ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ്

> **Lead Summary:** **പേരാമ്പ്ര : **തൊഴിലാളികള്‍ക്ക് ദുരിതവും ദുര്‍ഗന്ധവും രോഗഭീതിയും നിറഞ്ഞ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ്. ദിവസവും നൂറ് കണക്കിന് ആളുകള്‍ കച്ചവട ആവശ്യത്തിനായി എത്തുച്ചേരുന്ന പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ ആളുകള്‍ക്ക് കാലുകുത്താന്‍ പോലും പറ്റാത്ത അവസ്ഥ. 140 ല്‍ പരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന മാര്‍ക്കറ്റില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.

## Article Content

**പേരാമ്പ്ര : **തൊഴിലാളികള്‍ക്ക് ദുരിതവും ദുര്‍ഗന്ധവും രോഗഭീതിയും നിറഞ്ഞ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ്. ദിവസവും നൂറ് കണക്കിന് ആളുകള്‍ കച്ചവട ആവശ്യത്തിനായി എത്തുച്ചേരുന്ന പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ ആളുകള്‍ക്ക് കാലുകുത്താന്‍ പോലും പറ്റാത്ത അവസ്ഥ. 140 ല്‍ പരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന മാര്‍ക്കറ്റില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.

മാര്‍ക്കറ്റിന് പുറകുവശത്തെ ഡ്രൈനേജില്‍ മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരത്തുന്നു. മാത്രവുമല്ല കൊതുകുശല്യത്താല്‍ പൊറുതിമുട്ടുകയാണ്. മാര്‍ക്കറ്റിന് ഉള്ളിലെ വെള്ളം ഒലിച്ചു പോകാന്‍ ഉണ്ടാക്കിയ ഓവുചാല്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയും ഇതിനുള്ളില്‍ മലിന ജലം കെട്ടിക്കിടന്ന് കൊതുകു വളര്‍ത്തു കേന്ദ്രമായി മാറിയിരിക്കുകയുമാണ്.

കൊതുകു കടികൊണ്ടും മാര്‍ക്കറ്റ് പരിസരത്ത് മാലിന്യച്ചാക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നതുകൊണ്ടും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം 7 തൊഴിലാളികള്‍ ഇതിനകം ചികിത്സ തേടിയിരിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. ഡെങ്കി പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റിനോടു കാണിക്കുന്ന അവഗണനയില്‍ തൊഴിലാളികള്‍ക്ക് അമര്‍ഷമുണ്ട്.

ടൈലുകള്‍ പൂര്‍ണമായും പൊളിഞ്ഞ് മാര്‍ക്കറ്റിലേക്ക് കയറാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. മാര്‍ക്കറ്റിന് ഉള്ളിലെ അവസ്ഥയും മറിച്ചല്ല. പലരും വഴുതി വീണും അപകടം പറ്റിയിട്ടുണ്ട്. മത്സ്യം വാങ്ങാനെത്തുന്നവര്‍ക്കും ദുരിതമേറെയാണ്. വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല. മാര്‍ക്കറ്റിലേക്ക് കയറി വരാന്‍ രണ്ട് കവാടങ്ങളിലും അപകടം പതിയിരിക്കുന്നു.

മാര്‍ക്കറ്റിന്റെ ഒരു വശം മത്സ്യത്തിന്റെ ബോക്സുകള്‍ അട്ടിയിട്ടതും പ്രശ്നം സൃഷ്ടിക്കുന്നു. മാര്‍ക്കറ്റില്‍ ബാത്ത് റൂം സൗകര്യമോ കുടിവെള്ളമോ ലഭ്യമല്ല. ശുദ്ധജലത്തിന് മാര്‍ക്കറ്റ് പരിസരത്തെ വീട്ടുകാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. മാര്‍ക്കറ്റിനോട് ചേര്‍ന്ന കിണര്‍ ഉപയോഗശൂന്യമായിട്ട് ഏറെക്കാലമായി .തൊഴിലാളികള്‍ വളരെ ദുരിതം പേറിയാണ് മത്സ്യ വില്പന നടത്തുന്നത്.

പ്രത്യക്ഷമായും പരോക്ഷമായും ആയിരത്തോളം കുടുംബങ്ങളാണ് മാര്‍ക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നത്. 2020ലാണ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മത്സ്യമാര്‍ക്കറ്റ് പൊളിച്ചുമാറ്റിയത്. ഒരു വര്‍ഷം കഴിഞ്ഞ് നിര്‍മാണ പ്രവൃത്തി തുടങ്ങി 2022 ല്‍ ഉദ്ഘാടനം ചെയ്ത മാര്‍ക്കറ്റ് 2 വര്‍ഷം കൊണ്ട് പൊട്ടി പൊളിഞ്ഞ് ആളുകള്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥയിയലായിരിക്കുന്നു.

മാര്‍ക്കറ്റ് പൊളിക്കുമ്പോള്‍ ഗ്രാമ പഞ്ചായത്ത് ആധുനിക സംവിധാനമുള്ള മാര്‍ക്കറ്റ് നിര്‍മ്മിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും എന്നാല്‍ ശുചിമുറി സംവിധാനമോ കുടിവെള്ളമോ ഇല്ലാതെയാണ് നിര്‍മ്മാണം നടത്തിയയെന്നും തൊഴിലാളികള്‍ പറയുന്നു. മാര്‍ക്കറ്റിലെ മലിന ജലം ഒഴുകി പോകാന്‍ ടാങ്കും മറ്റ് സംവിധാനവും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നിര്‍മ്മാണത്തിലെ അപാകത കാരണം മലിന ജലം മാര്‍ക്കറ്റിന് ഉള്ളില്‍ തന്നെ കെട്ടി കിടക്കുകയാണ്.

കോടികള്‍ മുടക്കി നിര്‍മ്മിച്ച മാര്‍ക്കറ്റാണു 2 വര്‍ഷം കൊണ്ട് ഈ അവസ്ഥയിലായത്. ഉദ്ഘാടന സമയത്ത് തന്നെ തങ്ങള്‍ അപാകത ചൂണ്ടിക്കാണിച്ചിരുന്നതായും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ അത് പരിഗണിക്കാന്‍ അധികാരികള്‍ തയാറായില്ല. അന്ന് പ്രശ്നം പരിഹരിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നാണ് തൊഴിലാളികള്‍ പറയുന്നത്.

140 തൊഴിലാളികള്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ 30 പേര്‍ മാത്രമാണ് ഒരു സമയത്ത് ജോലി ചെയ്യാന്‍ കഴിയുന്നത്. ജോലി സമയം രണ്ട് തവണയായി ക്രമീകരിച്ചെങ്കിലും പലര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ പലതവണ തൊഴിലാളി നേതാക്കള്‍ ഗ്രാമ പഞ്ചായത്തിനെ സമീപിച്ചെങ്കിലും സംഭവം ഗൗരവമായി എടുക്കാന്‍ പഞ്ചായത്ത് ശ്രമിച്ചിട്ടില്ലന്ന് നേതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയിലെ മത്സ്യ തൊഴിലാളികള്‍ നാളെ രാവിലെ 10 മണിക്ക് എസ്ടിയു നേത്യത്വത്തില്‍ ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നു. എസ്ടിയു ചുമട്ടുതൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡന്റ് യു. പോക്കര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗ് സെക്രട്ടറി സി.പി.എ അസീസ് മുഖ്യ പ്രഭാഷണം നടത്തും. ധര്‍ണ്ണ വന്‍ വിജയമാക്കാന്‍ യൂണിറ്റ് എസ്. ടി. യു കമ്മറ്റി തീരുമാനിച്ചതായി മത്സ്യവിതരണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ.സി കുട്ട്യാലി, കെ.ടി കുഞ്ഞമ്മദ്, റാഫി കക്കാട് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218532/deplorable-conditions-in-the-fish-market-in-protest-the-fish-workers-will-march-and-dharna-to-the-village-panchayat-tomorrow)