---
title: "ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി ആനുകൂല്യം "
english_title: "Royalty Benefit to Paddy Field Owners in Cheruvannur Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21879/royalty-benefit-to-paddy-field-owners-in-cheruvannur-grama-panchayat"
published_at: "2022-01-20T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e9736618416_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി ആനുകൂല്യം 

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ നെല്‍കൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്നു.

## Article Content

** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ നെല്‍കൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്നു.

കൃഷി ചെയ്യുന്ന സ്ഥലം, ഭൂവിസ്തൃതി മുതലായ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

പദ്ധതിയുടെ ആനുകൂല്യം ആധാര്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. റോയല്‍റ്റി ലഭ്യമാക്കാന്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതി രസീത് അല്ലെങ്കില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം.

പാസ്സ്വേര്‍ഡ് ലഭിക്കുന്നതിലേക്കായി ഫോണ്‍ എന്നിവ സഹിതം അപേക്ഷ അക്ഷയ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ മുഖേനനെയോ, കൃഷിക്കാര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

നെല്‍വയലുകള്‍ രൂപ മാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി ഉപയോഗമാക്കുകയും ചെയ്യുന്ന ഉടമകള്‍ക്ക് ആണ് സാധാരണ റോയല്‍റ്റി നല്‍കുന്നത്.

നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂവുടമകളും, നെല്‍വയലുകളുടെ അടിസ്ഥാനസ്വഭാവ വ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യുന്ന നില ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹതയുണ്ട്.

നെല്‍വയലുകള്‍ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകള്‍, പ്രസ്തുത ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ, മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന അടിസ്ഥാനത്തിലും റോയല്‍റ്റി അനുവദിക്കും.

തുടര്‍ന്ന് പ്രസ്തുത ഭൂമി തുടര്‍ച്ചയായി മൂന്നു വര്‍ഷം ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പിന്റെ അടിസ്ഥാനത്തിലും റോയല്‍റ്റി ലഭ്യമാകും. തുടര്‍ച്ചയായി മൂന്ന് വര്‍ഷം തരിശായി കിടന്നാല്‍ റോയല്‍റ്റി ലഭിക്കില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21879/royalty-benefit-to-paddy-field-owners-in-cheruvannur-grama-panchayat)