---
title: "ചങ്ങരോത്ത് ജാനകി വയലിലെ പട്ടയ വിതരണം സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ പരിഗണിക്കും "
english_title: "Distribution of patayam in Changaroth Janaki field will be considered in the government's 100-day plan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219100/distribution-of-patayam-in-changaroth-janaki-field-will-be-considered-in-the-governments-100-day-plan"
published_at: "2024-07-11T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668febd340437_1pattayam.JPG"
keywords: []
---

# ചങ്ങരോത്ത് ജാനകി വയലിലെ പട്ടയ വിതരണം സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ പരിഗണിക്കും 

> **Lead Summary:** **തിരുവനന്തപുരം: **പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് ജാനകി വയലിലെ പട്ടയ വിതരണം സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് ജാനകി വയലിലെ പട്ടയ വിതരണം സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് ചേര്‍ന്ന വിഷന്‍-മിഷന്‍ 2021-26 കോഴിക്കോട് ജില്ലാ തല റവന്യൂ അസംബ്ലിയിലാണ് മന്ത്രി ഈ വിവരം അറിയിച്ചത്. ജാനകി വയലിലെയും ചക്കിട്ടപ്പാറയിലെയും പട്ടയ വിതരണ സംബന്ധിച്ച് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ ആവശ്യത്തിനുള്ള മറുപടിയായാണ് പട്ടയ വിതരണം സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചത്.

ബാലുശേരിയിലെ പാറപ്പുറമ്പോക്കിലെ പട്ടയ വിതരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുമെന്ന് കെ.എം സച്ചിന്‍ദേവിനെയും അറിയിച്ചു. പേരാമ്പ്ര പട്ടണ മധ്യത്തില്‍ താലൂക്ക് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് സൊസൈറ്റിക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിന്റെ തുടര്‍ നടപടിയില്‍ അടിയന്തര ഇടപെടലിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

മലയോര ഹൈവെ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍വകാല റെക്കോഡിലാണെന്നും എന്നാല്‍ അതിനാവശ്യമായ സര്‍വെയര്‍മാരുടെ കുറവ് റവന്യു വകുപ്പിനെ പ്രയാസത്തിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഗ്രീന്‍ ഫീല്‍ഡ് ഹൈവെ, സംസ്ഥാന പാതകളുടെ വികസനം, തീരദേശ ഹൈവെ, മലയോര ഹൈവെ, കിഫ്ബി വഴി എംഎല്‍എമാര്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ ഇവയ്‌ക്കെല്ലാം ഭൂമി ഏറ്റെടുക്കല്‍ റവന്യു വകുപ്പാണ് നടത്തേണ്ടത്. ഇതിനു പുറമെ, ഡിജിറ്റല്‍ റീസര്‍വെ, ഭൂമി തരംമാറ്റം, കിഫ്ബി പ്രവൃത്തികള്‍ തുടങ്ങിയ സുപ്രധാന പദ്ധിതകള്‍ക്കെല്ലാം സര്‍വേയര്‍മാര്‍ ആവശ്യമാണ്. അവരുടെ കുറവ് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

സര്‍വെയര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് സര്‍വെ ഡയറക്ടര്‍ സിറാം സാംബശിവ റാവു അസംബ്ലിയില്‍ അറിയിച്ചു. ജില്ലയില്‍ 16 സര്‍വെയര്‍മാരുടെ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ നിയമനം നടക്കുന്നതുവരെ സര്‍വെ നടപടികള്‍ വൈകാതിരിക്കാന്‍ എംപ്ലോയ്‌മെന്റ് വഴി സര്‍വെയര്‍മാരെ താല്‍ക്കാലികമായി നിയോഗിക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും സാംബശിവ റാവു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219100/distribution-of-patayam-in-changaroth-janaki-field-will-be-considered-in-the-governments-100-day-plan)