---
title: " ചങ്ങരോത്ത് ഡെങ്കി ഭീതിയില്‍ "
english_title: " Changaroth in fear of dengue "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219183/changaroth-in-fear-of-dengue"
published_at: "2024-07-11T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668febf74314d_DENGU_1.jpg"
keywords: []
---

#  ചങ്ങരോത്ത് ഡെങ്കി ഭീതിയില്‍ 

> **Lead Summary:** പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തില്‍ ഡങ്കി ഭീതി. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഡങ്കിപ്പനി പടരുന്നു .

## Article Content

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തില്‍ ഡങ്കി ഭീതി. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഡങ്കിപ്പനി പടരുന്നു .

പഞ്ചായത്തില്‍ ഈ സീസണില്‍ 100 ല്‍ പരം കേസുകളും ഈ മാസം ഇതുവരെ 23 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിലെ 1, 2, 7, 8, 15, 18 വാര്‍ഡുകളിലാണ് ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ചെറിയകുമ്പളം, പാറക്കടവ് ഭാഗങ്ങളിലാണ് കൂടുതലായും കേസുകള്‍ ഉള്ളത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഡങ്കി ബാധിത മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.ടി. പ്രമീള പറഞ്ഞു. ഇവിടങ്ങളില്‍ ഇന്ന് കാലത്ത് ഫോഗിംങ് നടത്തി.

ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ നോട്ടീസ് വിതരണവും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

പഞ്ചായത്തില്‍ പൊതുജനാരോഗ്യ ആക്ട് നിലവില്‍ വരുകയും ഇതിന്റെ ഭാഗമായി പൊതുജനാരോഗ്യ സമിതിയും പ്രവര്‍ത്തിച്ചു വരുന്നു. പൊതുജനാരോഗ്യ പ്രകാരം കൊതുകുകള്‍ക്ക് വളരാനാവശ്യമായ സാഹചര്യം വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ കണ്ടെത്തിയാല്‍ ഫൈന്‍ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219183/changaroth-in-fear-of-dengue)